കെ.സുധാകരന്റെ പ്രസ്താവനയിൽ അദ്ഭുതമില്ല, കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം -എം.വി. ഗോവിന്ദൻ
text_fieldsകണ്ണൂരിൽ ആർ.എസ്.എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ.സുധാകരന്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സുധാകരന്റെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്‌താവന പൊതുജനം വിലയിരുത്തട്ടെ. തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പിക്ക് ഒപ്പം മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് നിൽക്കുകയാണ് കോൺഗ്രസ് എന്നും ഗോവിന്ദൻ ആരോപിച്ചു.
കണ്ണൂരിൽ കോൺഗ്രസും ആർ.എസ്.എസും പരസ്പരം സഹകരിച്ചാണ് പ്രവർത്തിച്ചത്. സി.പി.എം ആർ.എസ്.എസിനെ ആക്രമിച്ചുവെന്ന് പറയുന്നത് ആർ.എസ്.എസിനെ വെള്ളപൂശാൻ വേണ്ടിയാണ്. 1969 മുതലേ ആ ബന്ധം ഉണ്ട്. ഇ പി ജയരാജനെതിരെ അക്രമം നടത്തിയവരിൽ ആർ.എസ്.എസുകാരുമുണ്ട്. കണ്ണൂരിനെ ദത്തെടുത്ത് സി.പി.എമ്മിനെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ആർ.എസ്.എസ് എന്നും അദ്ദേഹം പറഞ്ഞു.
കെ.സുധാകരൻ പറഞ്ഞത്
കണ്ണൂരിലെ എടക്കാട്, കിഴുന്ന, തോട്ടട ഭാഗങ്ങളിൽ ആർ.എസ്.എസ് ശാഖ തുടങ്ങിയപ്പോൾ സംരക്ഷണം നൽകിയിട്ടുണ്ടെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ എം.പി പറഞ്ഞത്. സി.പി.എം ശാഖ തകർക്കാൻ ശ്രമിച്ചപ്പോഴാണ് കെ.എസ്.യു സംഘടന പ്രവർത്തകനായ കാലത്ത് ആളെ അയച്ച് സംരക്ഷണം നൽകിയതെന്നും സുധാകരൻ വ്യക്തമാക്കി. കണ്ണൂരിൽ എം.വി.ആർ അനുസ്മരണ വേദിയിലത്‍യിരുന്നു സുധാകരന്‍റെ പ്രഭാഷണം.
ശാഖയോടും ആർ.എസ്.എസിനോടും ആഭിമുഖ്യം ഉണ്ടായിട്ടല്ല. പകരം, ഒരു മൗലികാവകാശം തകർക്കപ്പെടുന്നത് നോക്കിനിൽക്കുന്നത് ജനാധിപത്യ വിശ്വാസിക്ക് ഗുണകരമല്ലെന്ന തോന്നലാണ് അതിന് പ്രേരിപ്പിച്ചത്. ആർ.എസ്.എസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരിക്കലും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
പക്ഷെ, ആവിഷ്‍കാര- രാഷ്ട്രീയ സ്വാതന്ത്ര്യം നിലനിർത്തേണ്ടത് ഓരോ പൗരന്‍റെയും ജന്മാവകാശമാണ്. അത് ഈ നാടിന്‍റെ സാമൂഹിക, സാമ്പത്തിക സുരക്ഷിതത്വത്തിനും മതേതരത്വത്തിനും പോറലേൽക്കാതെ നടത്തുന്ന ഏതു പ്രവർത്തനത്തെയും സംരക്ഷിക്കണമെന്ന തോന്നലാണ് അന്നത്തെ തീരുമാനത്തിന് പ്രേരിപ്പിച്ചത്. ശരിയാണോ തെറ്റാണോ എന്നൊക്കെ വിവാദമാകാമെന്നും കെ. സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.