‘പണിയില്ല; പോട്ടം പിടിച്ചോരൊക്കെ പണം തരി’
text_fieldsനെടുങ്കയം (കരുളായി): കരുളായി വനത്തിനുള്ളിലെ നെടുങ്കയം പോളിങ് ബൂത്തിൽ കരിയനും ഭാര്യ വെള്ളകയും എത്തിയതോടെ ഫോട്ടോഗ്രാഫർമാർ പൊതിഞ്ഞു. വോട്ട് ചെയ്തിറങ്ങിയ ചോലനായ്ക്ക ദമ്പതികൾ ഫോട്ടോക്ക് പോസ് ചെയ്തു. മക്കളും മരുമക്കളുമൊക്കെയായി കുടുംബസമേതമാണ് ഇവരെത്തിയത്.
ഫോട്ടോയെടുത്ത് കഴിഞ്ഞതോടെ വെള്ളകയുടെ കമന്റ്- ‘പോട്ടം പിടിച്ചോരൊക്കെ പണം തരി, കരുളായിൽ പോണം. കുട്ട്യാൾക്ക് മിഠായി വാങ്ങണം, പണിയില്ല, കൈയിൽ പണവുമില്ല. കേൾക്കേണ്ട താമസം കൂട്ടത്തിൽ ചിലർ പഴ്സ് എടുത്ത് സന്തോഷത്തോടെ പണം നൽകി.
നേരത്തേ മാഞ്ചീരിയിലെ ഗുഹയിലായിരുന്നു കരിയന്റെ കുടുംബം താമസം. ആറു വർഷം മുമ്പ് പാണപ്പുഴ കോളനിയിലേക്കു മാറി. പത്തു മക്കളിൽ രണ്ടു പേർ മരിച്ചു. ജോലിയില്ലാത്തതാണ് വലിയ പ്രശ്നമെന്ന് കരിയൻ പറയുന്നു. ആർക്കാണ് വോട്ട് ചെയ്തതെന്ന് ചോദിച്ചപ്പോൾ നീലനിറത്തിൽ കുത്തിയെന്ന് മറുപടി.
ഏഷ്യയിലെ അവശേഷിക്കുന്ന ഗുഹാവാസി സമൂഹമായ ചോലനായ്ക്ക വിഭാഗത്തെത്തേടി സാധാരണ തെരഞ്ഞെടുപ്പ് കാലത്ത് നേതാക്കളെത്താറുണ്ടായിരുന്നു. ഇത്തവണ ആരും വന്നില്ല. അതുകൊണ്ടുതന്നെ പോളിങ് ബൂത്തിലെത്താൻ ഇവർക്ക് വലിയ ആവേശമില്ല.
മുണ്ടക്കടവ് കോളനിയിൽ നിന്നെത്തിയ 80 വയസ്സുകാരി ചാത്തിക്കും പറയാനുള്ളത് കഷ്ടപ്പാടിന്റെ കഥകൾ. 2018ലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ഇവരുടെ പുനരധിവാസം സാങ്കേതിക നൂലാമാലകളിൽ കുടുങ്ങിക്കിടക്കുകയാണ്. പണിയില്ലാത്തതാണ് പ്രധാന പ്രശ്നമെന്ന് കൂടെയുള്ള വിലാസിനിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.