സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്‍റെ പിന്തുണ; ആരും രാജിവെക്കാൻ പോകുന്നില്ലെന്ന് പ്രകാശ് ജാവദേക്കർ
text_fieldsപാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ പരാജയവും വോട്ട് ചോർച്ചയും ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ രാജി അഭ്യൂഹങ്ങൾക്കിടെ സുരേന്ദ്രന് പിന്തുണയുമായി ദേശീയ നേതൃത്വം. ആരോടും രാജി ആവശ്യപ്പെടുകയോ, ആരും രാജിവെക്കുകയോ ചെയ്യുന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള മുതിർന്ന നേതാവ് പ്രകാശ് ജാവദേക്കർ പറഞ്ഞു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ കെ. സുരേന്ദ്രൻ സന്നദ്ധത അറിയിച്ചായി റിപ്പോർട്ടുകളുണ്ടായിരുന്നു.
'കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ബി.ജെ.പി കാഴ്ചവെച്ചത്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാടിനൊപ്പം മറ്റ് നിരവധി സീറ്റുകളും ബി.ജെ.പി ജയിക്കും. കേരള രാഷ്ട്രീയത്തിൽ ഒരു മാറ്റം ഉണ്ടാക്കും. ജനങ്ങൾ ബി.ജെ.പിയെ പ്രതീക്ഷയോടെ നോക്കുകയാണ്. 15 ലക്ഷം പേരാണ് മിസ്ഡ് കോൾ നൽകി ബി.ജെ.പിയിൽ ചേർന്നത്. എൽ.ഡി.എഫും യു.ഡി.എഫും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണ്. ആരും ബി.ജെ.പിയിൽ നിന്ന് രാജിവെക്കുകയോ ആരുടെയെങ്കിലും രാജി ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. ഈയൊരു യുക്തി വെച്ചാണെങ്കിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ പിണറായി വിജയൻ രാജിവെക്കേണ്ടതല്ലേ. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജിവെക്കേണ്ടതായിരുന്നില്ലേ. അസംബന്ധമാണ് ഇത്തരം വാദങ്ങൾ' -ജാവദേക്കർ പറഞ്ഞു.
ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരെ കെ. സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നാണ് കേന്ദ്ര നേതൃത്വത്തെ കെ. സുരേന്ദ്രൻ അറിയിച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണമെന്നും ദേശീയ നേതൃത്വത്തോട് സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് നിലപാട് ദേശീയ നേതൃത്വം സ്വീകരിച്ചത്.
വിജയ പ്രതീക്ഷയുണ്ടായിരുന്ന പാലക്കാട് പരാജയത്തിന് പുറമേ വൻ തോതിൽ വോട്ട് കുറഞ്ഞതും ബി.ജെ.പി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് വെച്ച് താരതമ്യം ചെയ്യുമ്പോൾ 7066 വോട്ടുകളാണ് ശക്തികേന്ദ്രമായ പാലക്കാട് നഗരസഭയിൽ മാത്രം ബി.ജെ.പിക്ക് കുറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ. ശ്രീധരന് ലഭിച്ചതിനേക്കാൾ പതിനായിരത്തിലേറെ വോട്ടുകൾ കുറവാണ് ഇത്തവണത്തെ സ്ഥാനാർഥി സി. കൃഷ്ണകുമാറിന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.