വയോജനങ്ങളുടെ പരാതികളിൽ ഉടൻ നടപടി സ്വീകരിക്കാൻ നോഡൽ ഓഫിസർമാർ
text_fieldsമലപ്പുറം: വയോജനങ്ങളുടെ പരാതികളിൽ ഉടൻ നടപടി സ്വീകരിക്കാനും വാതിൽപ്പടി സേവനം ഉൾപ്പെടെ ഉറപ്പുവരുത്താനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നോഡൽ ഓഫിസർമാരെയും കോ ഓഡിനേറ്റിങ് ഓഫിസർമാരെയും നിയമിക്കാനും എൽഡർ ലൈൻ ഹെൽപ് ലൈൻ (ഇ.എൽ.എച്ച്.എൽ) സ്ഥാപിക്കാനും സർക്കാർ നിർദേശം. 14567 ആണ് വയോജനങ്ങൾക്കായുള്ള ടോൾഫ്രീ ഹെൽപ് ലൈൻ നമ്പർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിശ്ചിത വലിപ്പത്തിലുള്ള ബോർഡുകളിൽ എൽഡർ ലൈൻ ഹെൽപ് ലൈനെ കുറിച്ച് വിശദമാക്കണം. വിവിധ സർക്കാർ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമ സഹായങ്ങൾ, മാനസിക പ്രയാസങ്ങൾക്കും സംഘർഷങ്ങൾക്കുമുള്ള പിന്തുണ, അഗതികളായ വയോജനങ്ങളുടെ പുനരധിവാസം, മാനസിക-ശാരീരിക ചൂഷണം തടയൽ തുടങ്ങിയവക്കുള്ള സഹായം, വയോജനങ്ങൾക്കുള്ള വാതിൽപ്പടി സേവനം തുടങ്ങിയവയാണ് 14567 എൽഡർ ലൈൻ ഹെൽപ് ലൈൻ വഴി ലഭിക്കുക.
സാമൂഹിക നീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി കാര്യക്ഷമമായി വയോജനങ്ങളിലേക്കെത്തിക്കാൻ ജില്ല ജോയന്റ് ഡയറക്ടറുടെ ഓഫിസിലും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നോഡൽ ഓഫിസർമാരെയും കോ ഓഡിനേറ്റിങ് ഓഫിസർമാരെയും നിയമിക്കാൻ സർക്കാർ നിർദേശം നൽകി. സാമൂഹികനീതി വകുപ്പിന്റെ ജില്ല ജോയന്റ് ഡയറക്ടറുടെ ഓഫിസാണ് നോഡൽ ഓഫിസ്. എൽഡർ ലൈൻ ഹെൽപ് ലൈൻ പ്രവർത്തിക്കേണ്ടത് ജില്ല ജോയന്റ് ഡയറക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിലും നിയന്ത്രണത്തിലും ആയിരിക്കണം. ഹെൽപ് ലൈൻ ഉദ്യോഗസ്ഥർ ശ്രദ്ധയിൽപ്പെടുത്തുന്ന പരാതികൾക്ക് അടിയന്തരമായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പരിഹാരം കാണുന്നതിന് നോഡൽ ഓഫിസർമാർ നിർദേശം നൽകണം.
ജനപ്രതിനിധികൾക്കും എൽഡർലൈനുമായി സഹകരിച്ച് പ്രവർത്തിക്കാൻ നടപടികളുണ്ടാവും. ഇതുസംബന്ധിച്ച ഓൺലൈൻ പരിശീലനവുമൊരുക്കും. വയോ ക്ലബുകൾ, പകൽവീട് എന്നിവ കാര്യക്ഷമമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾതോറും നടപ്പാക്കുന്നുവെന്ന് നോഡൽ ഓഫിസർമാർ ഉറപ്പാക്കണം. റേഷൻ സാധനങ്ങൾ, മരുന്ന്, പെൻഷൻ തുടങ്ങിയ സേവനങ്ങൾ വയോജനങ്ങൾക്ക് വീട്ടുപടിക്കൽ എത്തിക്കാനുള്ള സംവിധാനങ്ങൾ നോഡൽ ഓഫിസർമാർ ഉറപ്പുവരുത്തണം. ഇതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.