പോത്തുകല്ലിൽ ഭൂമിക്കടിയിൽ ഉഗ്രശബ്ദം: വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും
text_fieldsഎടക്കര: നിലമ്പൂർ പോത്തുകല്ലിൽ ഭൂമിക്കടിയില്‍നിന്ന് ഉഗ്രശബ്ദം കേട്ട പ്രദേശത്ത് ബുധനാഴ്ച വിദഗ്ധ സംഘം പരിശോധന നടത്തും. പോത്തുകല്ലിലെ ആനക്കല്ല് പട്ടികവർഗ നഗറിലാണ് ശബ്ദം കേട്ടത്.
ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് ശബ്ദമുണ്ടായത്. സ്ഫോടനം പോലെയാണ് ശബ്ദം കേട്ടത്. പരിഭ്രാന്തരായ ജനം വീടുകളിൽന്ന് പുറത്തിറങ്ങി. ശബ്ദം ഒരു കിലോമീറ്റർ അകലെ വരെ കേട്ടുവെന്ന് പരിസരവാസികൾ പറഞ്ഞു. പിന്നാലെ പ്രദേശവാസികളെ ബന്ധുവീടുകളിലേക്കും സ്കൂളിലേക്കും മാറ്റി താമസിപ്പിച്ചു. വില്ലേജ് ഓഫിസറും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.
രണ്ട് വീടുകൾക്ക് വിള്ളൽ വീണതായി പരിശോധനയിൽ കണ്ടെത്തി. ഭൂമി കുലുക്കമല്ല ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആനക്കല്ല് നഗറിലെ 2 വീടുകൾക്കും മുറ്റത്ത് വിള്ളലുണ്ടായി. ആനക്കല്ല് നഗറിലുള്ളവരെ പോത്തുകല്ല് ഞെട്ടിക്കുളം എ.യു.പി സ്കൂളിലേക്കാണ് മാറ്റിയത്. രണ്ടാഴ്ച മുമ്പും സമാനമായ രീതിയിൽ ശബ്ദം കേട്ടിരുന്നു. ഭൂകമ്പ സാധ്യതയില്ലെന്നും ഭൂമിക്കടിയിലെ പാറകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന പ്രതിഭാസമാണ് കേട്ടതെന്നുമാണ് അധികൃതര്‍ അറിയിച്ചത്.
കുഴല്‍ കിണറുകള്‍ കൂടുതലായി നിര്‍മിച്ച പ്രദേശമാണ് ആനക്കല്ല്. ഇതിന്റെ തുടര്‍പ്രതിഭാസമാണ് ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദമെന്നാണ് ജിയോളജി അധികൃതര്‍ പറയുന്നത്. മുമ്പ് മൂന്ന് തവണ ഈ മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് വന്‍ ശബ്ദമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.