നോക്കുകൂലി തൊഴിൽ തർക്കമല്ല, നിയമ വിരുദ്ധമായ പിടിച്ചുപറി -മന്ത്രി പി. രാജീവ്
text_fieldsതൃശൂർ: നോക്കുകൂലി ഒരു തൊഴിൽ തർക്കമല്ലെന്നും നിയമ വിരുദ്ധമായ പിടിച്ചുപറിയാണെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. സമാനമായി മിന്നൽ പണിമുടക്കുകളും അനുവദിക്കാനാകില്ലെന്നും ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് സംരംഭകരുടെ പരാതികളും നിർദ്ദേശങ്ങളും കേൾക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിയെ തുടർന്ന് രാമനിലയത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് രോഗവ്യാപനം നിലനിൽക്കുന്ന ഈ സാഹചര്യത്തിലും പുതിയ സർക്കാർ ഭരണത്തിൽ വന്നതിന് ശേഷം 419 പുതിയ യൂണിറ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 35.35 കോടി രൂപയുടെ നിക്ഷേപം ഇവയിലുണ്ട്. 1514 തൊഴിലവസരങ്ങൾ ഇതിൽ നിന്നുമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എംഎസ്എംഇകളുടെ കാര്യത്തിൽ പ്രധാനമായും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി മാർക്കറ്റിംഗ്, മാനേജ്മെൻ്റ്, ടെക്നോളജി തുടങ്ങിയ കാര്യങ്ങളിലുള്ള പ്രവർത്തനങ്ങൾ നിലവിലുള്ളതിനേക്കാൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ഒരുങ്ങുന്നത്. കുറഞ്ഞ കാലത്തിനുള്ളിൽ എല്ലാ പൊതുമേഖലാ സ്ഥാപനത്തിലും മാസ്റ്റർ പ്ലാൻ നടപ്പാക്കാനാകും. ഇതിന് പുറമെ എല്ലാ പി എസ് യു കളിലും പി എസ് സി യിലേക്ക് കൈമാറാത്ത തസ്തികകളിൽ നിയമനം റിക്രൂട്ട്മെൻ്റ് ബോർഡ് വഴി നടപ്പാക്കും. ഇതോടെ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
തൃശൂർ ടൗൺ ഹാളിൽ നടന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ ആകെ രജിസ്റ്റർ ചെയ്ത 92 പരാതികളിൽ 64 പരാതികൾ തീർപ്പുകൽപ്പിക്കാനായി. 28 പരാതികളുടെ കാര്യത്തിൽ മറ്റ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താനുണ്ട്. 24 സ്പോർട്ട് ആപ്ലിക്കേഷനുകൾ ലഭിച്ചു. സ്പോർട്ട് അപ്ലിക്കേഷനുകളുടെ കാര്യത്തിൽ തുടർന്നുള്ള കമ്മിറ്റി കൂടി തീരുമാനം എടുക്കും. പൊതുവെ നല്ല രീതിയിലുള്ള മുന്നേറ്റം എം.എസ്.എം.ഇയുടെ കാര്യത്തിൽ തൃശൂർ ജില്ലയിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.