മിച്ചഭൂമി ഏറ്റെടുക്കാതെ റവന്യുവകുപ്പ്; ചേർത്തല താലൂക്കിൽ മാത്രം 123 ഏക്കറിനടുത്ത്
text_fieldsകോഴിക്കോട്: മിച്ചഭൂമി ഏറ്റെടുക്കുന്നതിൽ റവന്യു വകുപ്പ് സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. ചേർത്തല താലൂക്ക് ഓഫിസിലെ മിച്ചഭൂമി കേസ് ഫയലുകൾ പരിശോധിച്ചതിലാണ് റവന്യൂ വകുപ്പ് നടപടി വൈകിപ്പിക്കുന്നതായി കണ്ടെത്തിയത്. 13 കേസുകളിൽ റവന്യൂ വകുപ്പിന്റെ കെടുകാര്യസ്ഥത കാരണം ഭൂമി ഏറ്റെടുക്കൽ വൈകുകയാണ്. ഏതാണ്ട് 123 ഏക്കർ മിച്ചഭൂമി ചേർത്തല താലൂക്കിൽ മാത്രം ഏറ്റെടുക്കാനുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ഓഡിറ്റിന് ഹാജരാക്കിയ വിശദാംശങ്ങളനുസരിച്ച് മിച്ചഭൂമി ഏറ്റെടുക്കുന്നതിന് നാല് കേസുകളിൽ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിരുന്നു. അതും ഇതുവരെ ചേർത്തല താലൂക്ക് ഓഫീസ് തീർപ്പാക്കിയിട്ടില്ല. പി.എച്ച് ജോർജ് തരകന് കോടംതുരുത്ത്, തുറവൂർ വില്ലേജുകളിൽ അഞ്ചിടത്ത് മിച്ചഭൂമിയുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. കോടംതുരുത്തിൽ ഒരിടത്ത് 10.10 ഏക്കർ ഭൂമിയുണ്ട്. അത് പോക്കുവരവ് ചെയ്തത് നിയമവിരുദ്ധമായിട്ടാണ്. ഭൂമിയുടെ മുൻ ഉടമയായ സിയാദ് ആ ഭൂമി കൈവശം വെച്ചിരുന്നതും നിയവിരുദ്ധമായിട്ടാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
തുറവൂർ തെക്ക് വില്ലേജിൽ രണ്ടിടത്തായി 5.24 ഏക്കർ മിച്ചഭൂമിയുണ്ട്. അത് വെള്ളം കയറി കിടക്കുന്നതിനാൽ ഇതുവരെ അളക്കാൻ പോലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. കെ. മോഹൻദാസിന്റെ കൈവശം 13 ഏക്കറിലധികം മിച്ചഭൂമി എഴുപുന്ന, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, കോടംതുരുത്ത്, തണ്ണീർമുക്കം സൗത്ത് എന്നീ വില്ലേജുകളിലായിട്ടുണ്ട്. സ്വന്തം ഭൂമിയാണെന്നാണ് പറയുന്നെങ്കിലും മോഹൻദാസുമായി രേഖകൾക്ക് യാതൊരു ബന്ധവുമില്ല. ഭൂമി ഇപ്പോൾ കൈവശം വൈച്ചിരിക്കുന്നത് മറ്റ് ആളുകളാണ്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്.
ആർ. പ്രസാദിന്റെ പേരിൽ കൊക്കോതമംഗലത്ത് 45 ഏക്കർ ഭൂമിയുണ്ട്. താലൂക്ക് ലാൻഡ് ബോർഡ് ഈ ഭൂമി ഏറ്റെടുക്കാൻ 1991 ഫെബ്രുവരി 22ന് ഉത്തരവിട്ടു. അതിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. സുപ്രീം കോടതിയിൽ നൽകിയ സ്പെഷ്യൽ ലീവ് പെറ്റീഷനും (എസ്.എൽ.പി) നിരസിച്ചു. എന്നിട്ടും ഭൂമി ഏറ്റെടുക്കുന്നതിൽ റവന്യുവകുപ്പ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
ഇട്ടാക്ക ജോസഫിന് പള്ളിപ്പുറം, വയലാർ കിഴക്ക്, തുറവൂർ തെക്ക്, ചേർത്തല വടക്ക് എന്നിവിടങ്ങളിലായി 18.03 ഏക്കർ മിച്ച ഭൂമിയുണ്ട്. സർവേയർ തുടർ നടപടി സ്വീകരിക്കണമെന്ന് കലക്ടർ നിർദേശം നൽകിയെങ്കിലും റവന്യൂ വകുപ്പ് ഒന്നും ചെയ്തിട്ടില്ല. കോടംതുരുത്തിൽ പി.ഐ. ജോർജ് തരകന് 5.10 ഏക്കർ മിച്ച ഭൂമിയുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ഭൂമി ഏറ്റെടുക്കാൻ റവന്യൂ അധികാരികൾ നടപടി സ്വീകരിച്ചില്ല. താലൂക്ക് സർവേയർക്ക് നിർദേശം നൽകി കാത്തിരിക്കുകയാണ്. എഴുപുന്നയിലെ ജോർജ് ഫിലിപ്പിന്റെ 3.28 ഏക്കർ മിച്ചഭൂമി ഇതുവരെ റവന്യൂവകുപ്പ് ഏറ്റെടുത്തിട്ടില്ല. കൊടുംതുരുത്ത്/കുട്ടിയത്തോട് കെ.പി മോറിസിന് 16.44 ഏക്കർ മിച്ചഭൂമിയുണ്ട്. കേസ് ആലപ്പുഴ കോടതിയിൽ പെൻഡിങിലാണ്.
പല മിച്ചഭൂമി കേസുകളും കോടതിയിൽ കെട്ടിക്കിടക്കുകയാണ്. മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന സർക്കാർ തീരുമാനമാണ് റവന്യൂ ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നത്. ചേർത്തല താലൂക്കിന് സമാനമാണ് മറ്റ് താലൂക്ക് ലാൻഡ് ബോർഡുകളുടെയും പ്രവർത്തനം. മിച്ചഭൂമി ഏറ്റെടുക്കുന്നതിൽ വർഷങ്ങളായി നടപടി സ്വീകരിക്കാതെ കിടക്കുന്ന കേസുകൾ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.