ബി.എസ്.എൻ.എല്ലിൽ നിന്ന് വസ്‌തു നികുതി ഈടാക്കിയില്ല: മലപ്പുറം നഗരസഭക്ക് നഷ്ടം 9.67 ലക്ഷം
text_fieldsകോഴിക്കോട്: ബി.എസ്.എൻ.എൽ.സ്ഥാപനങ്ങളിൽ നിന്ന് വസ്‌തു നികുതി ഈടാക്കാത്തതിൽ മലപ്പുറം നഗരസഭക്കുണ്ടായ നഷ്ടം 9.67 ലക്ഷമെന്ന് ഓഡിറ്റ് റിപ്പോർട്ട്. വസ്തു നികുതി പിരിച്ചെടുക്കാത്തതിനാൽ മലപ്പുറം നഗരസഭക്ക് 2013 ഏപ്രിൽ ഒന്നുമുതൽ 2023 ജനുവരി 31വരെയുള്ള നഷ്ടത്തിന്റെ കണക്കാണിത്.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് നെറ്റ് വർക്കിന്റെ മൊബൈൽ, ലാൻഡ് ഫോൺ, ഇന്റർനെറ്റ് എന്നിവയുടെ പ്രവർത്തനത്തിനായി എക്സ്‌ചേഞ്ചുകൾ, ഓഫീസുകൾ തുടങ്ങിയ നിരവധി കെട്ടിടങ്ങൾ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിന്റെ ഭാഗമായിരുന്ന ബിഎസ്.എൻ.എൽ 2000 ഒക്ടോബറിൽ ഇന്ത്യാ ഗവൺമെൻറ് ടെലികോം, ടെലിഗ്രാഫ് സേവനങ്ങളെ ഒരു കോർപ്പറേഷനാക്കി മാറ്റി. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന് പേരിട്ടു. ഇപ്പോൾ അത് സർക്കാർ പൊതുമേഖല സ്ഥാപനമാണ്. അതിനാൽ, ബി.എസ്.എൻ.എൽ പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് വസ്തുനികുതി അടക്കാൻ ബാധ്യസ്ഥരാണ്.
സംസ്ഥാന സർക്കാർ 2014ൽ കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്ത് എന്നിവക്ക് ബി.എസ്.എല്ലിൽനിന്നും മറ്റ് സംഘടനകളിൽ നിന്നും അതിൻ്റെ രൂപീകരണ തീയതി മുതൽ വസ്‌തുനികുതി ഈടാക്കാൻ നിർദ്ദേശം നൽകിയിരുന്നു. 2017 ൽ ഇതു സംബന്ധിച്ചുണ്ടായ വിധിന്യായത്തിൽ ബി.എസ്.എൻ.എല്ലിന് അതിന്റെ സ്വത്തുക്കളുടെ കാര്യത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 285 പ്രകാരം നികുതിയിൽ നിന്ന് ഇളവിന് അവകാശപ്പെടാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.
നഗരസഭയിലെ ലഭ്യമായ രേഖകൾ പരിശോധിച്ചതിൽ ബി.എസ്.എൻ.എല്ലിൽ നിന്ന് വസ്തുനികുതി ഈടാക്കിയിട്ടില്ലെന്ന് ഓഡിറ്റ് കണ്ടെത്തി. വസ്തുനികുതി അടക്കുന്നതിന് ബി.എസ്.എൻ.എൽ ഓഫീസുകൾക്ക് നഗരസഭ നോട്ടിസ് നൽകിയിട്ടും നികുതി നൽകാൻ തയാറായിട്ടില്ല.
മോബൈൽ ടെലഫോൺ ടവറിന്റെ നികുതി പിരിക്കാത്തതിൽ 2.29 ലക്ഷം രൂപയും നഗരസഭക്ക് നഷ്ടപ്പെട്ടുവെന്ന് ഓഡിറ്റിൽ കണ്ടെത്തി. നഗരസഭയിലെ വസ്തു നികുതി രേഖകൾപരിശോധിച്ചതിൽ കോട്ടപ്പടി 18 വാർഡിലാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ഒന്ന് മുതൽ 16 വരെ നമ്പരുള്ള കെട്ടിടത്തിൻ്റെ മുകളിലാണ് മൊബൈൽ ടെലഫോൺ ടവർ. അത് നിർമിക്കുന്നതിനായി അനുമതി വാങ്ങുകയോ പ്രവർത്തനം ആരംഭിച്ചിട്ട് നിർമാണത്തിന്റെ പൂർത്തീകരണം അറിയിച്ച് കെട്ടിട നമ്പറിട്ട് നികുതി അടക്കുകയോ ചെയ്തിട്ടില്ലെന്നും കണ്ടെത്തി.
നഗരസഭ ഉദ്യോഗസ്ഥരുമായി നടത്തിയ സംയുക്ത പരിശോധനയിൽ വീഴ്ചകൾ വ്യക്തമായി. 24.32 ചതുരശ്ര മീറ്റർ തറവിസ്തൃതിയുള്ള മൊബൈൽ ടെലഫോൺ ടവർ കെട്ടിടത്തിന് മുകളിൽ പ്രവർത്തിക്കുന്നു. എന്നാൽ, നഗരസഭയിൽ വസ്‌തു നികുതി സംബന്ധിച്ച മൊബൈൽ ടവർ രേഖകളില്ല. 2011ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2012 ൽ കൂടിയ നഗരസഭ കൗൺസിൽ മൊബൈൽ ടെലഫോൺ ടവറിന് ചതുരശ്രമീറ്ററിന് 500 രൂപയാണ് വസ്‌തു നികുതി നിശ്ചയിച്ചിരിന്നു.
മുനിസിപ്പാലിറ്റി നിയമ പ്രകാരം അനധികൃത നിർമാണത്തിനു ഉപയോഗക്രമത്തിനുള്ള തുകയുടെ രണ്ടിരട്ടി കൂടെ കൂട്ടി ആകെ മൂന്നിരട്ടി തൂക വസ്തു നികുതി ഈടാക്കണം. നിർമാണത്തിനു അനുമതി വാങ്ങാതെ വസ്‌തു നികുതി അസസ് ചെയ്യാതെ പ്രവർത്തിക്കുന്ന മൊബൈൽ ടെലഫോൺ ടവർ മുനിസിപ്പാലിറ്റി നിയമപ്രകാരം അനധികൃത നിർമാണമാണെന്നും പരിശോധയിൽ കണ്ടെത്തി. ഒടുവിൽ മൊബൈല്രൽ ടവറിന് മ്പർ നൽകി വസ്തുനികുതി നിശ്ചയിച്ച് ഉടമക്ക് നൽകിയെന്ന് ഓഡിറ്റ് സംഘത്തിന് നഗരസഭ ഉദ്യോഗസ്ഥർ മറുപടി നൽകി. മലപ്പുറം നഗരസഭ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയിലേക്കാണ് റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.