എസ്.എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കാതെ; സ്റ്റേ ചെയ്യണമെന്ന് എസ്.എൻ.ഡി.പി സംരക്ഷണ സമിതി
text_fieldsകൊച്ചി: എസ്.എൻ ട്രസ്റ്റിലേക്ക് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ഹൈകോടതി പാസാക്കിയ ട്രസ്റ്റ് സ്കീമിന് വിരുദ്ധമായതിനാൽ സ്റ്റേ ചെയ്യണമെന്ന് എസ്.എൻ.ഡി.പി സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ട്രസ്റ്റിൽ റിസീവർ ഭരണം ഏർപ്പെടുത്തണം.
കുടുംബവാഴ്ച ഉറപ്പിക്കാനുള്ള വെള്ളാപ്പള്ളി നടേശന്‍റെ ശ്രമമാണ് നടക്കുന്നത്. വോട്ടർപട്ടികയിൽ 50 വർഷം മുമ്പ് മരിച്ച സംഭാവനക്കാരുടെ പേരുകൾ വരെയുണ്ട്. ആയിരക്കണക്കിന് കള്ളവോട്ട് ഇവരുടെ പേരിൽ ചെയ്യിപ്പിച്ച് സ്വന്തം കുടുംബത്തിന് മേൽക്കോയ്മയുള്ള ഭരണം കൈവിടാതെ നിലനിർത്താനാണ് ലക്ഷ്യമിടുന്നത്.
വോട്ടർപട്ടികയിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി വരണാധികാരിക്കും ട്രസ്റ്റ് എക്സിക്യൂട്ടിവിനും പരാതി നൽകിയിട്ടും ഹിയറിങ് പോലും നടത്താൻ തയാറായിട്ടില്ല. വോട്ടർ പട്ടികയിലെ 20 ശതമാനത്തിൽ കൂടുതൽ ആളുകളും മരിച്ചവരാണ്. കൂടാതെ നൂറുകണക്കിന് വിലാസമില്ലാത്ത പേരുകളും എല്ലാ റീജനുകളിലെയും വോട്ടർപട്ടികയിൽ കാണുന്നുണ്ടെന്നും പരാതിയിൽ വ്യക്തമാക്കി.
ട്രസ്റ്റിനെ ഈ കുടുംബത്തിൽനിന്നും മോചിപ്പിക്കാൻ ശക്തമായ നിയമനടപടികൾക്കും പ്രക്ഷോഭത്തിനും തങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. ഹൈകോടതിയിൽ ഇതിനുള്ള നിയമനടപടികൾ ആരംഭിച്ചതായും അവർ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ സമിതി ചെയർമാൻ അഡ്വ. എസ്. ചന്ദ്രസേനൻ, വർക്കിങ് ചെയർമാൻ പി.എസ്. രാജീവ്, ജനറൽ സെക്രട്ടറി എം.വി. പരമേശ്വരൻ, സെക്രട്ടറി അഡ്വ. അനിൽ ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.