ബി.ജെ.പി അധ്യക്ഷന്‍റെ വാക്കുകള്‍ യു.ഡി.എഫ് ആവര്‍ത്തിച്ചു -എസ്. ശർമ
text_fields
തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം മല എലിയെ പ്രസവിച്ച പോലെ എന്ന് എസ്. ശർമ എം.എൽ.എ. പാലാ, വട്ടിയൂർകാവ്, കോന്നി മണ്ഡലങ്ങൾ യു.ഡി.എഫിന് നഷ്ടപ്പെട്ടു. ഇടതുപക്ഷത്തിന് അരൂരും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, താരതമ്യം ചെയ്യുമ്പോൾ സർക്കാറിന്‍റെ ജനപിന്തുണ നഷ്ടപ്പെടുന്നുവെന്ന് പ്രതിപക്ഷത്തിന് പറയാൻ ധാർമ്മികമോ രാഷ്ട്രീയമോ ആയ അവകാശമില്ലെന്നും ശർമ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള ബി.ജെ.പി അധ്യക്ഷന്‍റെ വാക്കുകള്‍ യു.ഡി.എഫ് നേതൃത്വം ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ കേന്ദ്ര സർക്കാർ സ്ഥലം മാറ്റി. മാധ്യമങ്ങള്‍ സന്ദീപിനെ സി.പി.എമ്മുകാരനാക്കി. എൻ.ഐ.എക്ക് സി.സി.ടിവി ദൃശ്യങ്ങള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞുവെന്ന് പ്രചാരണമുണ്ടായി. പൊലീസ് സഹായത്തോടെ സ്വപ്ന കേരളം വിട്ടതെന്ന് പ്രചരിപ്പിച്ചു. ഇതൊക്കെ പിന്നീട് പൊളിഞ്ഞതായും ശര്‍മ ചൂണ്ടിക്കാട്ടി.
പിണറായി സര്‍ക്കാറിനെ പുറത്താക്കാനുള്ള ഗൂഢാലോചന നടക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടതിനാണോ അവിശ്വാസ പ്രമേയമെന്നും ശർമ ചോദിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്ന് ഒരു ഏജന്‍സിയും പറഞ്ഞിട്ടില്ല. ഏതെങ്കിലും തരത്തില്‍ രാജ്യദ്രോഹക്കുറ്റം മുഖ്യമന്ത്രിയുടെ ഓഫിസ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന് നിങ്ങള്‍ തെളിവ് നൽകണം. തെളിവ് കൊടുക്കാന്‍ നിങ്ങള്‍ക്ക് മുട്ടുവിറക്കും.
കോണ്‍ഗ്രസിന് ഒരു അധ്യക്ഷനെ പോലും തെരഞ്ഞെടുക്കാന്‍ പറ്റുന്നില്ല. കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദുഹിന്ദുത്വ സമീപനം ജനാധിപത്യത്തെയും മതേതരത്വത്തെയും അപകടപ്പെടുത്തുന്നു. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ബാബരി പള്ളി തകര്‍ത്തെന്നും ശര്‍മ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.