മരുന്നില്ലാത്ത ചികിത്സാരീതി തുടരുന്നു; പൊലീസ് അന്വേഷണത്തിന്
text_fieldsനെയ്യാറ്റിൻകര: വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചതോടെ സമാനമായ ചികിത്സാരീതികളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു. ബാലരാമപുരത്തും സമീപപ്രദേശങ്ങളിലും ഇത്തരം ചികിത്സാരീതി വർധിച്ചുവരുന്നു. കാരയ്ക്കാമണ്ഡപത്തേതിന് സമാനമായ രീതിയിൽ നെയ്യാറ്റിൻകര താലൂക്കിലെ ചില പ്രദേശങ്ങളിലും പ്രസവം നടന്നിട്ടുണ്ടെങ്കിലും അനിഷ്ട സംഭവങ്ങളില്ലാതെ പോയതുകൊണ്ട് പുറം ലോകമറിഞ്ഞില്ല.
അക്യുപങ്ഞ്ചർ ചികിത്സക്ക് പരിശീലനം ലഭിച്ചവർക്ക് പുരസ്കാരം നൽകുന്ന ചടങ്ങുകളിൽ പലപ്പോഴും പ്രദേശത്തെ എം.എൽ.എമാർ ഉൾപ്പെടെ വലിയ പ്രമുഖർ പങ്കെടുക്കുന്നുണ്ട്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വീട്ടിലെ ചികിത്സാ രീതികൾക്കെതിരെ പരക്കെ ആക്ഷേപമുയരുന്നുണ്ടെങ്കിലും നിർബാധം തുടരുകയാണ്. മരുന്നും ലാബ് ടെസ്റ്റുമില്ലാത്ത അക്യുപങ്ചർ ചികിത്സാരീതി ബാലരാമപുരത്തും സമീപപ്രദേശങ്ങളിലും വലിയ തോതിൽ നടന്നുവരുന്നു. എല്ലാ അസുഖങ്ങളും ഇത്തരത്തിൽ ഭേദമാക്കാൻ സാധിക്കുമെന്നാണ് ഇവർ പറയുന്നത്.
വർഷങ്ങളായി ബി.പിക്കും ഷുഗറിനും മറ്റ് ഇതരരോഗങ്ങൾക്കും മരുന്നു കഴിച്ച് വരുന്നവർ മരുന്നുകൾ നിർത്തി ഭക്ഷണക്രമീകരണത്തിലൂടെയും മറ്റും ചികിത്സ നടത്തിവരുന്നു.
പ്രസവം വീട്ടിൽ നടത്തണമെന്നതാണ് ഇവരുടെ രീതി. അത്തരത്തിൽ വീട്ടിൽ പ്രസവം നടത്തിയവർ ഈ പ്രദേശങ്ങളിലുണ്ട്. മാരകമായ രോഗങ്ങൾക്ക് പോലും അക്യുപങ്ചർ ചികിത്സ നടത്തിവരുന്നു. സ്ത്രീകൾ ഉൾപ്പെടെ വലിയൊരു സംഘം ചികിത്സ നടത്തിവരുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.