ഗ്രൂപ്പിതര നേതാക്കളും രംഗത്ത്; സംസ്ഥാന കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം
text_fieldsതിരുവനന്തപുരം: പുതിയ നേതൃത്വത്തിെൻറ സമീപനങ്ങളോട് വിയോജിച്ച് ഗ്രൂപ് നേതാക്കൾക്കുപുറമെ ഗ്രൂപ്പിതര നേതാക്കള്‍കൂടി രംഗത്തുവന്നതോടെ സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമായി. പുനഃസംഘടന നീക്കം സജീവമായിരിക്കെയാണ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യം. ഹൈകമാൻഡ് പ്രതിനിധി നേരിട്ടിടപെട്ടിട്ടും മുൻ കെ.പി.സി.സി അധ്യക്ഷന്മാർ നിലപാടിൽ അയവില്ലാതെ ഉറച്ചുനിൽക്കുന്നതും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നു.
പാർട്ടിയെ അടിമുടി ഉടച്ചുവാർക്കുന്നതിന് മുന്നോടിയായി കെ.പി.സി.സി പുനഃസംഘടനക്ക് സംസ്ഥാന നേതൃത്വം നീക്കം തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ സങ്കീർണമായത്.
കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതിയാണ് ഗ്രൂപ്പിതര നേതാക്കളും ഉയർത്തുന്നത്. ഇതേ പരാതി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേരത്തേ ഉയർത്തിയപ്പോള്‍, പദവികൾ പങ്കിടുന്നതിനുവേണ്ടിയെന്നുപറഞ്ഞ് തള്ളുകയായിരുന്നു സംസ്ഥാന നേതൃത്വവും ഹൈകമാൻഡും. എന്നാൽ, മുല്ലപ്പള്ളി രാമചന്ദ്രനും വി.എം. സുധീരനും അതേ പരാതിയുമായി രംഗത്തുവന്നതോടെ ഹൈകമാൻഡിനും നിലപാട് പുനഃപരിശോധിക്കേണ്ടിവരും. മുതിർന്ന നേതാക്കെളപ്പോലും വിശ്വാസത്തിലെടുക്കാതെ പുതിയ നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നെന്ന പരാതി കണ്ടില്ലെന്ന് നടിച്ചാലുണ്ടാകാവുന്ന ഭവിഷ്യത്ത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് ബോധ്യമുണ്ട്.
കെ.പി.സി.സി ഭാരവാഹി പട്ടിക സെപ്റ്റംബറിൽ തന്നെ പുറത്തിറക്കുകയെന്ന സംസ്ഥാന നേതൃത്വത്തിെൻറ ലക്ഷ്യം ഫലം കാണണമെന്നില്ല. പട്ടിക തയാറാക്കുംമുമ്പ് ഇനിയും വിപുലമായ ചർച്ച വേണ്ടിവരുമെന്നുതന്നെയാണ് സൂചന.
ഡി.സി.സി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിനുപിന്നാലെ കെ.പി.സി.സി ഭാരവാഹികളുൾപ്പെടെ ചിലർ പാർട്ടി വിട്ടിരുന്നു. ഇതിനെ ഗൗരവമായി കാണാൻ സംസ്ഥാന നേതൃത്വം തയാറായില്ല. മാത്രമല്ല, അവരെ പിടിച്ചുനിർത്താൻ ശ്രമിച്ചതുമില്ല. ഇതും നേതൃത്വത്തിെൻറ ഗുരുതര വീഴ്ചയാണെന്ന് നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. പാർട്ടി ദുര്‍ബലമായ ഘട്ടത്തിലെ ഇത്തരം സമീപനങ്ങൾ ഗുണം ചെയ്യില്ലെന്നാണ് അവരുടെ അഭിപ്രായം. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നേതൃത്വം ചുമതലപ്പെടുത്തിയവർ കൊഴിഞ്ഞുപോക്കിന് വഴിവെക്കുന്നെന്ന ആക്ഷേപവും ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.