കോവിഡ് കാലത്ത് സംസ്ഥാനത്ത് 1.40 ലക്ഷം കേസുകൾ; അക്രമസ്വഭാവമില്ലാത്തവ പിൻവലിക്കും
text_fieldsതിരുവനന്തപുരം: കോവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത അക്രമസ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് കാലത്ത് പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരമുൾപ്പെടെ സംസ്ഥാനത്ത് 1.40 ലക്ഷത്തോളം കേസാണ് രജിസ്റ്റർ ചെയ്തത്.
സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കും. പി.എസ്.സി ഉദ്യോഗാർഥികൾ നടത്തിയതുൾപ്പെടെ നശീകരണവും അക്രമവുമില്ലാത്ത സമരങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കും.
ഏതൊക്കെ കേസുകൾ പിൻവലിക്കണമെന്നതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റി രൂപവത്കരിക്കും. അവർ നൽകുന്ന റിപ്പോർട്ടുകൾ പരിശോധിച്ചശേഷമാകും കേസുകൾ പിൻവലിക്കുക.
യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, നിയമ സെക്രട്ടറി വി. ഹരി നായർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.