നോർക്ക: പ്രവാസിക്ഷേമ പദ്ധതികളെക്കുറിച്ച് അറിയാം
text_fieldsവിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും താമസിക്കുകയോ ജോലിചെയ്യുകയോ ചെയ്യുന്ന കേരളീയരുടെ അവകാശങ്ങൾ സംരക്ഷിക്കുക, പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 1996ൽ നിലവിൽവന്നതാണ് കേരള പ്രവാസികാര്യ വകുപ്പ്. പ്രവാസി ക്ഷേമത്തിനായി രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു വകുപ്പ് രൂപവത്കരിച്ചത്. ഫീൽഡ് ഏജൻസിയായി നോർക്ക റൂട്ട്സ് എന്ന സംവിധാനംകൂടി വന്നതോടെ പ്രവാസത്തിന്റെ സർവ മേഖലകളെയും സ്പർശിക്കുന്ന പദ്ധതികളും പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കാൻ സംസ്ഥാന സർക്കാറിന് കഴിയുന്നു.
പ്രവാസത്തിനു മുൻപ്, പ്രവാസകാലം, പ്രവാസശേഷം എന്നിങ്ങനെയുള്ള മൂന്ന് ഘട്ടങ്ങളിലും വ്യക്തികൾക്കാവശ്യമായ കാര്യങ്ങളിൽ വ്യവസ്ഥാപിതവും കാര്യക്ഷമവുമായ ഇടപെടലുകളാണ് നോർക്ക നടത്തിവരുന്നത്. അടിയന്തര സാഹചര്യങ്ങളിലെ ഇടപെടലുകളും നവീന സംരംഭങ്ങളുടെ ആവിഷ്കാരവും നോർക്കയെ മറ്റ് സർക്കാർ സംവിധാനങ്ങളിൽനിന്ന് വേറിട്ടുനിർത്തുന്നു.
പ്രധാന ക്ഷേമ പദ്ധതികൾ
സാന്ത്വന (ദുരിതാശ്വാസനിധി): നാട്ടിൽ മടങ്ങിയെത്തിയ സാമ്പത്തികവും ശാരീരികവുമായി അവശതയനുഭവിക്കുന്ന പ്രവാസികുടുംബങ്ങളുടെ സഹായത്തിനായി രൂപവത്കരിച്ച ദുരിതാശ്വാസനിധിയാണ് സാന്ത്വന. മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം തുടങ്ങിയവയാണ് ഈ പദ്ധതി മുഖേന നൽകുന്നത്. കഴിഞ്ഞ ആറു വർഷത്തിനിടയിൽ 21987 കുടുംബങ്ങൾക്ക് 133 കോടിയുടെ ധനസഹായം നൽകി.
പുനരധിവാസ പദ്ധതി: തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായം നൽകുന്ന പദ്ധതിയാണ് നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രൻസ് (NDPREM). സംരംഭങ്ങൾ തുടങ്ങാനായി 30 ലക്ഷം വരെയുള്ള ബാങ്ക് വായ്പകൾക്ക് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം) നാലുവർഷത്തേക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയുമാണ് നൽകുക. 18 ധനകാര്യ സ്ഥാപനങ്ങളുടെ ആറായിരത്തിലധികം ശാഖകൾവഴി സഹായം ലഭ്യമാണ്. ഇതുവരെ 4860 സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു.
പ്രവാസി ഭദ്രത: കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയവർക്കും സ്വയംതൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ളവർക്കുമായി 2021- 2022 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച പദ്ധതിയാണ് ഇത്. പേൾ, മൈക്രോ, മെഗാ എന്നീ മൂന്ന് ഉപപദ്ധതികളിലൂടെ ധനസഹായം നൽകിവരുന്നു.
ആംബുലൻസ് സർവിസ്: അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികളെയും വിദേശത്തും ഇതര സംസ്ഥാനങ്ങളിലും മരണപ്പെടുന്ന മലയാളികളുടെ ഭൗതികശരീരവും നാട്ടിലെത്തിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ആംബുലൻസ് സേവനം. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും മംഗളൂരു, കോയമ്പത്തൂർ വിമാനത്താവളങ്ങളിലും സേവനം ലഭ്യമാണ്.
പ്രവാസി നിയമ സഹായ സെൽ: പ്രവാസികളുടെ തൊഴിൽ, വിസ, പാസ്പോർട്ട്, ചികിത്സ, ജയിൽശിക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അതത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സൗജന്യ സേവനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഇത്. പദ്ധതിയുടെ ഭാഗമായി ആറ് ജി.സി.സി രാജ്യങ്ങളിൽ 10 ലീഗൽ കൺസൽട്ടന്റുമാരെ നിയമിച്ചു.
പ്രവാസി സംഘങ്ങൾക്ക് ധനസഹായം: വിദേശത്തുനിന്ന് തിരിച്ചെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്നുലക്ഷം വരെ ഒറ്റത്തവണ സഹായം നൽകുന്ന പദ്ധതി.
ഡയറക്ടേഴ്സ് സ്കോളർഷിപ്: സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന പ്രവാസികളുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് 20000 രൂപ വീതം ധനസഹായം നൽകുന്ന പദ്ധതി. 621 വിദ്യാർഥികൾക്ക് 1.3 കോടിയുടെ സ്കോളർഷിപ്പുകൾ നൽകി.
സ്കിൽ അപ്ഗ്രഡേഷൻ & റീഇന്റഗ്രേഷൻ പ്രോഗ്രാം: ഗൾഫിലെ നഴ്സിങ് ലൈസൻസിങ് പരീക്ഷ പാസാകുന്നതിനും ഐ.സി.ടി മേഖലയിലെ നൂതന സാങ്കേതിക വിദ്യയിൽ കഴിവ് നേടുന്നതിനും പരിശീലനം നൽകാനായി ആരംഭിച്ച പദ്ധതി. ഇംഗ്ലീഷ് (ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി), ജർമൻ ഭാഷകൾ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ: കേരളത്തിലെ വ്യവസായ സാധ്യതകൾ പ്രവാസി സംരംഭകർക്ക് പരിചയപ്പെടുത്തുകയും സാങ്കേതികവും സാമ്പത്തികവുമായ ഉപദേശങ്ങൾ നൽകുകയുമാണ് ഫെസിലിറ്റേഷൻ സെന്ററിന്റെ ലക്ഷ്യം.
എമർജൻസി റിപാട്രിയേഷൻ: അടിയന്തരഘട്ടങ്ങളിൽ, വിദേശ രാഷ്ട്രങ്ങളിൽനിന്ന് പ്രവാസി മലയാളികളെ നാട്ടിൽ/ ആശുപത്രികളിലേക്ക് എത്തിക്കുന്ന പദ്ധതി. യുക്രെയ്ൻ പ്രതിസന്ധി ഘട്ടത്തിൽ 3425 മെഡിക്കൽ വിദ്യാർഥികളെയാണ് സൗജന്യമായി നാട്ടിൽ എത്തിച്ചത്.
വ്യാജ റിക്രൂട്ട്മെന്റുകൾ, വിസ തട്ടിപ്പ് എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം, പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ പരിപാടികൾ: വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ അന്വേഷിക്കുന്നവർക്ക് സുരക്ഷിത കുടിയേറ്റ മാർഗനിർദേശങ്ങൾ, നോർക്കയുടെ ക്ഷേമപദ്ധതികൾ എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തിവരുന്നു. വിസ, തൊഴിൽ തട്ടിപ്പ്, അനധികൃത ഏജന്റുമാരുടെ തട്ടിപ്പ് തുടങ്ങിയവ ഒഴിവാക്കാൻ കൂടുതൽ കാര്യക്ഷമ ഇടപെടലുകൾ നടപ്പാക്കുന്നതിനായി പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ്, കേരള പൊലീസ് എന്നിവരുടെ സഹകരണത്തോടെ ഓപറേഷൻ ശുഭയാത്ര പദ്ധതിയും നടപ്പാക്കിവരുന്നു.
ജോബ് പോർട്ടൽ & റിക്രൂട്ട്മെന്റ്: വിദേശ തൊഴിൽ അവസരങ്ങളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുത്ത് അയക്കാനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള റിക്രൂട്ട്മെന്റ് ഏജൻസിയാണ് നോർക്ക റൂട്ട്സ്. നിലവിൽ സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളിലെയും യു.കെ, ജർമനി എന്നിവിടങ്ങളിലെയും ആരോഗ്യമേഖലയിലേക്ക് ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ ടെക്നീഷ്യൻമാർ, ഗാർഹിക ജോലിക്കാർ എന്നീ വിഭാഗത്തിൽപ്പെട്ടവരെ നോർക്ക റൂട്ട്സ് തെരഞ്ഞെടുത്ത് അയച്ചുവരുന്നു.
മാർക്കറ്റ് റിസർച്:- തൊഴിലുടമക്കും ജീവനക്കാർക്കും സൗകര്യമൊരുക്കുന്നതിനായി റിക്രൂട്ട്മെന്റ്, പരിശീലനം, നൈപുണ്യം വികസനം, നിയമസഹായം, ഇൻഷുറൻസ് സഹായം എന്നിവ യുക്തിസഹമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപവത്കരിച്ചത്. വിദേശ തൊഴിൽ കമ്പോളത്തിൽ മാറുന്ന സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിന് വിവിധ രാജ്യങ്ങളിലെ തൊഴിൽദാതാക്കളുമായി 2021 ഒക്ടോബർ 12ന് ഓവർസീസ് എംപ്ലോയേർസ് കോൺഫറൻസ് സംഘടിപ്പിച്ചു.
ലോക കേരള സഭ: പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മക നിർദേശങ്ങളും സംഭാവനകളും നൽകുന്നതിനും അവരുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ലോക കേരള സഭ രൂപവത്കരിച്ചു. വ്യത്യസ്ത മേഖലകളിലുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ലോക കേരള സഭയുടെ മേഖല സമ്മേളനങ്ങളും നടത്തിവരുന്നു.
ഐ.ഡി കാർഡ്: നോർക്ക ഐ.ഡി കാർഡ് എടുക്കുന്ന പ്രവാസിക്ക് നിലവിൽ അപകടം മൂലമുള്ള മരണത്തിന് നാലു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും അപകടം മൂലമുള്ള ഭാഗികമായോ/ സ്ഥിരമുള്ളതോ ആയ അംഗവൈകല്യങ്ങൾക്ക് പരമാവധി രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും നൽകിവരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ മാത്രം 87117 പ്രവാസികൾക്ക് തിരിച്ചറിയൽ കാർഡ് നൽകി.
പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസി: വിദേശത്ത് ആറ് മാസത്തിൽ കൂടുതൽ രേഖാമൂലം ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന പ്രവാസികൾക്ക് ഗുരുതര രോഗങ്ങളിൽ സഹായം നൽകുന്നതിനാണ് പ്രവാസിരക്ഷ ഇൻഷുറൻസ് പോളിസി. ഗുരുതര അസുഖങ്ങൾക്ക് ഒരു ലക്ഷവും അപകട മരണത്തിന് രണ്ട് ലക്ഷവും അപകടംമൂലമുള്ള വൈകല്യത്തിന് പരമാവധി ഒരു ലക്ഷവും ലഭിക്കുന്നു.
സ്റ്റുഡന്റ്സ് ഐ.ഡി കാർഡ്: വിദേശ പഠനത്തിന് പോകുന്ന വിദ്യാർഥികൾക്കുള്ള തിരിച്ചറിയൽ കാർഡിന്, അപകടമരണത്തിന് നാലു ലക്ഷം ഇൻഷുറൻസ് പരിരക്ഷയും അപകടം മൂലമുള്ള ഭാഗികമായോ/ സ്ഥിരമുള്ളതോ ആയ അംഗവൈകല്യങ്ങൾക്ക് പരമാവധി രണ്ടു ലക്ഷം രൂപയുടെ പരിരക്ഷയും ലഭിക്കുന്നു.
സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ: വിദ്യാഭ്യാസപരവും വ്യക്തിപരവുമായ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങൾ കേന്ദ്രമാക്കി അറ്റസ്റ്റേഷൻ സേവന കേന്ദ്രങ്ങൾ. ആറ് ജി.സി.സി രാജ്യങ്ങളിലേക്കുമുള്ള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നിലവിലുണ്ട്. കുവൈത്ത്, സൗദി വിസാ സ്റ്റാമ്പിങ്ങും ഹോം അറ്റസ്റ്റേഷൻ സൗകര്യവും ലഭ്യമാണ്.
പ്രവാസി തണൽ: കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും കോവിഡ് ബാധിച്ചു മരിച്ച മുൻ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും 25000 രൂപ നൽകുന്ന ഒറ്റത്തവണ ധനസഹായ പദ്ധതി. നാളിതുവരെ 393 പേർക്കായി ഒരു കോടിയോളം സഹായമായി നൽകി.
ഗ്ലോബൽ കോൺടാക്ട് സെന്റർ:- ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് നോർക്കയിൽ നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനും അവരുടെ പരാതികൾ അധികൃതരെ അറിയിക്കുന്നതിനുമായി അന്താരാഷ്ട്ര ടോൾ ഫ്രീ നമ്പർ (1800 425 3939 ) സൗകര്യത്തോടുകൂടി ഒരു ഗ്ലോബൽ കോൺടാക്ട് സെന്റർ പ്രവർത്തിച്ചുവരുന്നു.
ട്രിപ്പിൾ വിൻ പ്രോജക്ട്: ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി (BA) യുമായി ധാരണയായി. ആദ്യ ഘട്ടത്തിൽ 200 ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തു. ഇവരിൽ 150 പേർ ജർമൻ ഭാഷ പരിശീലനം സൗജന്യമായി നേടിക്കൊണ്ടിരിക്കുന്നു. കൂടാതെ ജർമനിയിലേക്കുള്ള ഫാസ്റ്റ് ട്രാക് റിക്രൂട്ട്മെന്റ് മുഖേന രണ്ടു നഴ്സുമാർ ഇതിനോടകം ജർമൻ ആരോഗ്യ മേഖലയിൽ ജോലിയിൽ പ്രവേശിച്ചു.
ട്രിപ്പിൾ വിൻ ഹോസ്പിറ്റാലിറ്റി: നഴ്സുമാരുടെ റിക്രൂട്ട്മെന്റിനു പുറമേ ഹോസ്പിറ്റാലിറ്റി മേഖലയിൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനായി ട്രിപ്പിൾ വിൻ ഹോസ്പിറ്റാലിറ്റി പ്രോജക്ട് നടപ്പാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഇതുവഴി ഹോട്ടൽ മാനേജ്മെന്റ് ടൂറിസം മേഖലകളിലും യോഗ്യരായ ഉദ്യോഗാർഥികൾക്ക് മികച്ച അവസരം ലഭിക്കും.
യു.കെ റിക്രൂട്ട്മെന്റ്: കേരളത്തിൽനിന്നുള്ള ആരോഗ്യപ്രവർത്തകർക്കും സോഷ്യൽ വർക്കർമാർക്കും യു.കെയിലേക്ക് പോകുന്നതിനായി യു.കെയിലെ ദേശീയ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന ഇന്റഗ്രേറ്റഡ് കെയർ പാർട്ണർഷിപ്പുകളിൽ ഒന്നായ ‘ഹംബർ & നോർത്ത് യോക്ക് ഷെയർ ഹെൽത്ത് & കെയർ പാർട്ണർഷിപ്’, നോർത്ത് ഈസ്റ്റ് ലിങ്കൺ ഷെയറിലെ ഹെൽത്ത് സർവിസിന്റെ മാനസിക ആരോഗ്യ സേവനങ്ങൾ പ്രധാനം ചെയ്യുന്ന ‘നാവിഗോ’ എന്നിവരുമായി നോർക്ക റൂട്ട്സ് ധാരണപത്രം ഒപ്പുവെച്ചിരുന്നു. റിക്രൂട്ട്മെന്റിന്റെ ആദ്യഘട്ടം നോർക്ക-യുകെ കരിയർ ഫെയർ എന്ന പേരിൽ എറണാകുളത്തു നടക്കും.1500ഓളം പേർക്ക് തൊഴിലവസരം ലഭിക്കും.
എസ്.എസ്.ഡബ്ല്യു (G2G ജപ്പാൻ റിക്രൂട്ട്മെന്റ് പ്രോഗ്രാം):- വിദഗ്ദ്ധ തൊഴിലാളികൾക്ക് ജപ്പാനിൽ പ്രത്യേക ‘Status of Residence’ ഒരുക്കുന്ന പ്രോഗ്രാമിൽ നോർക്ക റൂട്ട്സിനെ കേരളത്തിൽ നിന്നുള്ള നോഡൽ ഏജന്‍സിയായി വിദേശകാര്യമന്ത്രാലയം തിരഞ്ഞെടുത്തിട്ടുണ്ട്.
നോർക്ക വനിതാ മിത്ര: മടങ്ങിവന്ന വനിതാ പ്രവാസികൾക്കായി വനിതാ വികസന കോർപറേഷനുമായി ചേർന്ന് 30 ലക്ഷം രൂപ വരെ വായ്പ മൂന്നു ശതമാനം പലിശ നിരക്കിൽ ലഭ്യമാകുന്ന വായ്പാ പദ്ധതി. 15 ശതമാനം മൂലധന സബ്സിഡി.
ആഗോള തൊഴിൽ സാധ്യത; ഐ.ഐ.എമ്മുമായി പഠനത്തിന് ധാരണ:-ആഗോള തൊഴിൽ മേഖലയിലെ മാറ്റങ്ങളും കുടിയേറ്റ സാധ്യതകളും പരിശോധിക്കാനും പുതുതലമുറക്ക് തൊഴിലവസരങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനും പഠനം നടത്താൻ കോഴിക്കോട് ഐ.ഐ.എമ്മുമായി ധാരണപത്രം ഒപ്പിട്ടു.
ഓപറേഷന് ശുഭയാത്ര-വിദേശത്തേക്കുളള അനധികൃത റിക്രൂട്ട്മെന്റുകൾ, വിസ തട്ടിപ്പുകൾ, മനുഷ്യക്കടത്ത് എന്നിവക്കെതിരെ പ്രതിരോധനടപടികൾ സ്വീകരിക്കുന്നതിനായി രൂപവത്കരിച്ച സംവിധാനം. വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻസ്, കേരള പൊലീസ്, നോര്‍ക്ക റൂട്ട്സ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫിസറായ ഒരു സ്റ്റേറ്റ് സെല്ലും ജില്ലകളിൽ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂനിറ്റുകളും പ്രവർത്തിച്ചുവരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന് ലാംഗ്വേജ്: തൊഴിൽ കുടിയേറ്റത്തിന് ശ്രമിക്കുന്ന ഉദ്യോഗാർഥികൾക്ക് വിദേശഭാഷകളിൽ പരിശീലനം നൽകുന്നതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന് ലാംഗ്വേജ് ഉടൻ പ്രവർത്തനക്ഷമമാകും.തിരുവനന്തപുരം തൈക്കാടാണ് ആസ്ഥാനം. ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്കും എസ്.സി/എസ്.ടി വിഭാഗക്കാർക്കും ഫീസിളവ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.