തൊഴില്‍വിപണിയിലെ കോവിഡ് ആഘാതം; രാജ്യാന്തര വിദഗ്ധരുമായി സംവദിക്കാം
text_fieldsതിരുവനന്തപുരം: ആഗോള തൊഴില്‍വിപണിയിൽ കോവിഡ് വരുത്തിയ ആഘാതങ്ങള്‍ സൂക്ഷ്മമായി വിലയിരുത്താൻ നോര്‍ക്ക സംഘടിപ്പിക്കുന്ന ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സിന് ഒരുക്കം പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ ഓണ്‍ലൈനായും നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണന് തമ്പി ഹാളിലുമായാണ് സമ്മേളനം.
കോവിഡാനന്തര ലോകത്തെ നൂതന തൊഴില്‍സാധ്യതകള്‍ തിരിച്ചറിയാനും പുതിയ മേഖലകളിലേക്ക് വെളിച്ചം വീശാനും ലക്ഷ്യമിട്ടുള്ള സുപ്രധാന ചുവടുെവപ്പാണ് സംഗമമെന്ന് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവനും വൈസ് ചെയര്മാന് കെ. വരദരാജനും വാർത്തസമ്മേളനത്തിൽ അറിയിച്ചു. സൗദി, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍ അംബാസഡര്‍മാര്‍ സമ്മേളനത്തിൽ സംസാരിക്കും.
കുവൈത്ത്, ജപ്പാന്, ജര്‍മനി എന്നിവിടങ്ങളിലെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധികള്‍, വിദേശ മന്ത്രാലയം ഉദ്യോഗസ്ഥര്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻറ്സ്, ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും തൊഴില്‍ദാതാക്കള്‍, റിക്രൂട്ടിങ് ഏജന്‍സികള്‍, റീജനല്‍ പാസ്പോര്‍ട്ട് ഓഫിസര്‍മാര്‍, െപാലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി വി.പി. ജോയ് അധ്യക്ഷത വഹിക്കും.
സമാപന സമ്മേളനത്തിൽ സ്പീക്കര്‍ എം.ബി. രാജേഷ് മുഖ്യാതിഥിയാകും. ഓണ്‍ലൈന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ https://registrations.ficci.com/ficoec/online-registrationi.asp ല്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക്: 0484-4058041/42, 09847198809. ഇ- മെയില്‍: kesc@ficci.com. വാര്‍ത്തസമ്മേളനത്തില്‍ സി.ഇ.ഒ കെ. ഹരികൃഷ്ണന് നമ്പൂതിരിയും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.