നോർക്ക ഫെസിലിറ്റേഷൻ കേന്ദ്രം: രണ്ട് കോടി അനുവദിച്ചതിൽ ചെലവഴിച്ചത് 57. 83 ലക്ഷം മാത്രമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: പ്രവാസി മലയാളികളിൽ നിന്ന് സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാൻ തുടങ്ങിയ ഫെസിലിറ്റേഷൻ കേന്ദ്രത്തിന് 2021-22 സാമ്പത്തിക വർഷത്തിൽ രണ്ട് കോടി അനുവദിച്ചതിൽ നോർക്ക ചെലവഴിച്ചത് 57. 83 ലക്ഷം മാത്രമെന്ന് ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാനത്ത് പ്രവാസി മലയാളികളുടെ നിക്ഷേപം വർധിപ്പിക്കുന്നിതനും അതിനുള്ള പുതുവഴി തുറക്കുന്നിതനുമാണ് നോർക്ക ഫെസിലിറ്റേഷൻ കേന്ദ്രം (എൻ.എഫ്.സി) തുടങ്ങിയത്. എന്നാൽ, 2021-22 ൽ അനുവദിച്ച തുകയുടെ 29 ശതമാനം മാത്രമാണ് ചെലവഴിച്ചതെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.
പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം നേടാനായില്ലെന്ന് റിപ്പോർട്ട് വിലിയിരുത്തുന്നു. പദ്ധതി നടപ്പാക്കുന്നതിൽ നോർക്കയുടെ കെടുകാര്യസ്ഥതയാണ് അനുവദിച്ച തുക ചെലവഴിക്കാനാകാതെ പോയതിന് കാരണം. 2021-22 സാമ്പത്തിക വർഷത്തിൽ 38 സംരംഭങ്ങളാണ് ആരംഭിക്കാനായത്. സൂപ്പർമാർക്കറ്റ്, ഫ്ലോർ മിൽ, പൂച്ചട്ടികൾ, ഗ്രോ ബാഗ് വിതരണം, ക്ലീനിങ് ഉൽപന്നങ്ങളുടെ വിൽപ്പന എന്നിവ മാത്രമായിരുന്നു തുടങ്ങിയത്.
രണ്ട് കോടി രൂപ എട്ട് ഇനങ്ങൾക്കാണ് അനുവദിച്ചത്. അതിൽ മുന്ന് ഇനങ്ങൾക്ക് അനുവദിച്ച തുകയിൽ നയാപൈസ പോലും ചെലവഴിച്ചില്ല. ഡിജിറ്റൽ വഴിയും മറ്റ് മാധ്യമങ്ങളിലൂടെയും പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ഒരു ഏജൻസിയെ ഏർപ്പാടാക്കുന്നതിന് 25 ലക്ഷമാണ് നീക്കിവെച്ചത്. അതിൽ ഒരു പൈസ പോലും വിനിയോഗിച്ചിട്ടില്ല. അതിനാൽ പൊതുജനങ്ങൾക്ക് ഈ പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് അറിയാനായില്ല. 2021-22 കാലയളവിൽ വളരെ കുറച്ച് സംരംഭകർക്ക് മാത്രമേ പദ്ധതി പ്രയോജനം ചെയ്തുള്ളു.
ഐ.ടി ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം 20 ലക്ഷം അനുവദിച്ചു. അതും ചെലവഴിച്ചില്ല. എക്സ് ക്ലൂസീവ് വെബ് പേജ് സൃഷ്ടിക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനും 12 ലക്ഷം നീക്കിവെച്ചു. അതും ചെലവഴിച്ചില്ല. ഈ മുന്ന് ഇനങ്ങളിലെ 57 ലക്ഷം നോക്ക ചെലവഴിച്ചതേയില്ല.
പ്രോജക്ട് പ്രൊഫൈലുകൾ തയാറാക്കുന്നതിനുള്ള ചെലവ് (ബിസിനസ് പ്ലാനുകൾ, ബാഹ്യ വിദഗ്ധർക്കുള്ള പ്രതിഫലം, റിപ്പോർട്ടുകൾ മുതലായവ വികസിപ്പിക്കുന്നതിന്) 15 ലക്ഷം അനുവദിച്ചതിൽ 5,500 രൂപയാണ് ചെലവഴിച്ചത്.
മേഖലാധിഷ്ഠിത സംരംഭകത്വ നൈപുണ്യ വികസന പരിപാടികൾ നടത്തുന്നതിനുള്ള ചെലവിനായി (പ്രത്യേക വ്യവസായ ഐ.ടി. കൃഷി, ഫുഡ്, ഇൻഫ്രാസ്ട്രക്ചർ, ടൂറിസം) 60 ലക്ഷം അനുവദിച്ചതിൽ 44,100 രൂപയാണ് ചെലവഴിക്കനായത്. അച്ചടി, സ്റ്റേഷനറി തുടങ്ങിയ പലവിധ പ്രവർത്തനങ്ങൽക്ക് 15 ലക്ഷം അനുവദിച്ചതിൽ 4.24 ലക്ഷമാണ് ചെലവഴിച്ചത്. ഐ.ടി അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ ഒരു അടിസ്ഥാന സൗകര്യ വികസനവും നടന്നില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
പ്രവാസി മലയാളികളിൽ നിന്ന് സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും അവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നോര്‍ക്കയുടെ കീഴില്‍ ബിസിനസ് ഫെസിലിറ്റേഷന്‍ കേന്ദ്രം തുടങ്ങിയത്. കേരളത്തിലെ വ്യവസായ സംരംഭക സാധ്യതകള്‍ സംരംഭകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് സംരംഭങ്ങള്‍ തുടങ്ങാനുള്ള സാഹചര്യം ഒരുക്കുകയാണ് ഈ കേന്ദ്രം കൊണ്ട് സർക്കാർ ഉദ്ദേശിച്ചത്.
സർക്കാർ ലൈസൻസ്, ക്ലിയറൻസ് ഉപദേശങ്ങൾ എന്നിവ ഈ കേന്ദ്രം നൽകുമെന്നായിരുന്നു പ്രഖ്യാപനം. കേരളത്തിലെ വ്യവസായ സാധ്യതകൾ പഠിച്ചു മുൻഗണനാ ക്രമത്തിൽ പ്രവാസി നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള ചുമതല ഈ കേന്ദ്രത്തിനായിരുന്നു. സംരംഭങ്ങൾ തുടങ്ങുന്നതിന് സാങ്കേതികവും സാമ്പത്തികവുമായി ഉപദേശങ്ങളും നിർദേശങ്ങളും നൽകുകയുമായിരുന്നു കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.
വാസ്തവത്തിൽ അതിന്റെ സാധ്യതകൾ പരിധിയില്ലാത്തതായിരുന്നു. വികസനത്തിന് ഇത് മികച്ച മാതൃകയാകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതുവഴി മറ്റ് നിക്ഷേപ മാർഗങ്ങളിൽ ചെയിൻ റിയാക്ഷൻ ആരംഭിക്കാൻ കഴിയുമെന്നും വിലയിരുത്തി. അതിനാലാണ് 2021-22 സാമ്പത്തിക വർഷത്തിൽ പദ്ധതിക്കായി രണ്ട് കോടി രൂപ വകയിരുത്തിയത്. പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിൽ നോർക്ക പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.