നോർക്ക പുനരധിവാസ പദ്ധതി വിപുലീകരിച്ചു
text_fieldsതിരുവനന്തപുരം: തിരികെയെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം തുടങ്ങുന്നതിന് നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ, നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസിെൻറ (NDPREM) സേവനങ്ങൾ വിപുലപ്പെടുത്തി. ബാങ്കുകളുൾപ്പെടെ ഒമ്പത് ധനകാര്യ സ്ഥാപനങ്ങളുടെ 3000ത്തോളം ശാഖകളിലൂടെയാണ് പദ്ധതി നടപ്പാക്കുക.
നോർക്ക റൂട്ട്സ് സിൻഡിക്കേറ്റ് ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും സിൻഡിക്കേറ്റ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ കെ.വി.എൻ. മൂർത്തിയും ധാരണപത്രം കൈമാറി. നോർക്ക റൂട്ട്സ് ജനറൽ മാനേജർ ഡി. ജഗദീശ്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എൻ.വി. മത്തായി, സിൻഡിക്കേറ്റ് ബാങ്ക് ചീഫ് മാനേജർ മല്ലിക ജെ. സിങ്, സീനിയർ മാനേജർ എൻ. വിജീഷ് കുമാർ, മാനേജർ അജിത്ത് മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
ലണ്ടനിൽ ഒരു ശാഖയിലും ഒമാനിൽ സിൻഡിക്കേറ്റ് ബാങ്കിെൻറ നിയന്ത്രണത്തിലുള്ള മുസാൻഡം എക്സ്ചേഞ്ച് കമ്പനിയുടെ 15 ശാഖകളിലും കേരളത്തിലെ 248 ശാഖകളിലും പദ്ധതിയുടെ വിശദാംശങ്ങൾ ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ, പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണസംഘം, കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് (KSCARDB) എന്നിവ മുഖാന്തിരം വായ്പ അനുവദിക്കുന്നുണ്ട്. നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത അപേക്ഷകരെ മുൻഗണനാക്രമം അനുസരിച്ചാണ് പരിഗണിക്കുന്നത്.
അപേക്ഷകർക്ക് വിദഗ്ധ പരിശീലനം നൽകും. 30 ലക്ഷം രൂപവരെ മൂലധനച്ചെലവുള്ള സംരംഭങ്ങൾക്ക് 15 ശതമാനം മൂലധന സബ്സിഡിയിൽ പരമാവധി മൂന്ന് ലക്ഷം രൂപവരെ പദ്ധതിയിൽ ലഭിക്കും. ഗഡുക്കൾ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാലുവർഷം മൂന്ന് ശതമാനം പലിശ സബ്സിഡി ബാങ്ക് വായ്പയിൽ ക്രമീകരിച്ച് നൽകും. ഈ സാമ്പത്തികവർഷം 15 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. ഇതുവരെ 737 ഗുണഭോക്താക്കൾക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങൾ മുഖേന 8.7 കോടി രൂപ സബ്സിഡി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.