ജര്‍മ്മന്‍ റിക്രൂട്ട്മെന്‍റില്‍ പുതുചരിത്രമെഴുതി നോര്‍ക്ക; ട്രിപ്പിള്‍ വിന്‍ 500 പ്ലസ് ആഘോഷം ഇന്ന്
text_fieldsകേരളത്തില്‍ നിന്നുളള നഴ്സിംഗ് പ്രൊഫഷണലുകള്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരമൊരുക്കുന്ന മികച്ച രാജ്യാന്തര മാതൃകയായി നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി. 2021 ഡിസംബറില്‍ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി ഇതുവരെ 528 പേർക്കാണ് ജര്‍മ്മനിയിലെ 12 സ്റ്റേറ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ നഴ്സുമാരായി നിയമനം ലഭിച്ചത്. ഇതിന്റെ ഭാഗമായുളള ട്രിപ്പിള്‍ വിന്‍ 500 പ്ലസ് ആഘോഷങ്ങള്‍ തിരുവനന്തപുരം ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ ശനിയാഴ്ച വൈകിട്ട് നടക്കും. തിരുവനന്തപുരത്ത് ജർമ്മൻ ഓണററി കോൺസൽ സംഘടിപ്പിക്കുന്ന ജർമ്മൻ ഐക്യദിനത്തിനും ബെർലിൻ മതില്‍ പതനത്തിൻ്റെ 35-ാം വാർഷികാഘോഷ ചടങ്ങിനുമൊപ്പമാണ് നോര്‍ക്ക റൂട്ട്സിന്റെ 500 പ്ലസ് പരിപാടി. ചടങ്ങില്‍ ബംഗലൂരുവിലെ ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ അച്ചിം ബുകാർട്ട് മുഖ്യാതിഥിയാകും. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ജര്‍മ്മനിയുടെ കേരളത്തിലെ ഹോണററി കോണ്‍സല്‍ ഡോ. സയിദ് ഇബ്രാഹിം എന്നിവര്‍ ആശംസകള്‍ അറിയിക്കും. നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി, ജര്‍മ്മന്‍ ഭാഷാ പഠനകേന്ദ്രമായ ഗോയ്ഥേ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ട്രിപ്പിള്‍ വിന്‍, ജര്‍മ്മന്‍ ഭാഷാ വിദ്യാര്‍ത്ഥികള്‍ എന്നിവരും ആഘോഷചടങ്ങില്‍ സംബന്ധിക്കും.
ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചുഘട്ടങ്ങളില്‍ നിന്നും ഇതുവരെ തിരഞ്ഞെടുത്ത 1400 പേരില്‍ നിന്നുളള 528 നഴ്സുമാരാണ് ജര്‍മ്മനിയിലെത്തിയത്. നിലവില്‍ ജര്‍മ്മന്‍ ഭാഷാപരിശീലനം തുടരുന്നവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജര്‍മ്മനിയിലേയ്ക്ക് തിരിക്കും. നഴ്സിംഗ് ഹോമുകളിലേയ്ക്കുളള നഴ്സുമാരുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടപടികളും പുരോഗമിച്ചുവരുന്നു. പ്ലസ് ടുവിനുശേഷം ജര്‍മ്മനിയില്‍ നഴ്സിംഗ് പഠനം സാധ്യമാക്കുന്ന ട്രിപ്പിള്‍ വിന്‍ ട്രെയിനി പദ്ധതിയില്‍ രണ്ടാംഘട്ട റിക്രൂട്ട്മെന്റുകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.