വടക്കൻ കേരളത്തിലെ വിദ്യാർഥികൾക്ക് ഒാപൺ സ്കൂൾ തന്നെ ആശ്രയം
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷഫലം പുറത്തുവരുേമ്പാൾ ഇത്തവണയും വടക്കൻ ജില്ലകളിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സമാന്തര വഴികൾ തന്നെ ആശ്രയം. സംസ്ഥാനാടിസ്ഥാനത്തിലുള്ള ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ സീറ്റുകളുടെ എണ്ണവും ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷ വിജയികളുടെ എണ്ണവും ഏറക്കുറെ തുല്യമാണ്.
എന്നാൽ മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ വിജയികളുടെ എണ്ണവും സീറ്റുകളുടെ എണ്ണവും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നുണ്ട്. സീറ്റ് ക്ഷാമം പരിഹരിക്കാൻ എസ്.എസ്.എൽ.സി ഫലം വരുംമുേമ്പ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകളിൽ 20 ശതമാനം ആനുപാതിക സീറ്റ് വർധന നടത്തിയത് വിദ്യാർഥികൾക്ക് ആശ്വാസമാണ്. ഇൗ സീറ്റ് വർധന ഉൾപ്പെടെ ഇത്തവണ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി ഇത്തവണ 422910 സീറ്റുകൾ ഉണ്ടാകും. വി.എച്ച്.എസ്.ഇയിൽ 27500 സീറ്റുകളും പോളിടെക്നിക്കുകളിൽ 14500 സീറ്റുകളും െഎ.ടി.െഎകളിൽ 1800 സീറ്റുകളുമുണ്ട്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ സീറ്റുകൾ മാത്രമാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിെൻറ ഏകജാലക പ്രവേശന രീതിയുടെ പരിധിയിൽ വരുന്നത്.
വർധന കൂടി ചേർത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 6124 ബാച്ചുകളിലായി സീറ്റുകളുടെ എണ്ണം 367040 ആണ്. സർക്കാർ സ്കൂളുകളിൽ മാത്രം 2825 ബാച്ചുകളിലായി 169200 സീറ്റുകളാകും.
എയ്ഡഡ് സ്കൂളുകളിൽ 3299 ബാച്ചുകളിലായി 197840 സീറ്റുകളാകും. എസ്.എസ്.എൽ.സി പരീക്ഷക്ക് പുറമെ സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ സിലബസുകളിൽ 10ാം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികളും സംസ്ഥാന സിലബസിൽ ഹയർ സെക്കൻഡറി പഠനത്തിനെത്തും. കഴിഞ്ഞ വർഷം മാത്രം ഇൗ സിലബസുകളിൽ പഠിച്ച 40000 വിദ്യാർഥികൾ ഹയർ സെക്കൻഡറിയിൽ സംസ്ഥാന സിലബസിലേക്ക് വന്നിട്ടുണ്ട്. ഇവരുടെ വരവ് കൂടി പരിഗണിച്ചാൽ സീറ്റിനുള്ള ഡിമാൻഡ് വർധിക്കും.
മലപ്പുറം ജില്ലയിൽ 76985 പേരാണ് എസ്.എസ്.എൽ.സി വിജയിച്ചത്. ഇവിടെ ആനുപാതിക സീറ്റ് വർധന കൂടി വരുേമ്പാൾ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി 55000 സീറ്റുകളായിരിക്കും ഉണ്ടാവുക. ഇതര സിലബസ് വിദ്യാർഥികളുടെ വരവ് കൂടി പരിഗണിച്ചാൽ 20000 പേർക്കെങ്കിലും ഇവിടെ ഉപരിപഠനത്തിന് സമാന്തര വഴി തേടേണ്ടിവരും. ഇൗ വിദ്യാർഥികൾ ഒാപൺ സ്കൂളിലാണ് ചേരുന്നത്. കോഴിക്കോട് ജില്ലയിൽ 44096 പേർ എസ്.എസ്.എൽ.സി വിജയിച്ചിട്ടുണ്ട്. 36000 സീറ്റുകളാണ് ഇവിടെയുണ്ടാവുക. കണ്ണൂരിൽ 34502 പേരാണ് വിജയിച്ചത്. സീറ്റുകളുടെ എണ്ണം 29000 ത്തോളമാണ്. പാലക്കാട് വിജയികളുടെ എണ്ണം 39681 ഉം സീറ്റുകളുടെ എണ്ണം 29000വും ആണ്. ഇൗ ജില്ലകളിൽ നിന്നുള്ള കുട്ടികളാണ് ഹയർ സെക്കൻഡറി പഠനത്തിന് സീറ്റ് കിട്ടാതെ ഒാപൺ സ്കൂളിൽ എത്തുന്നവരിൽ 60 ശതമാനവും. മലപ്പുറം ജില്ലയിൽനിന്ന് കഴിഞ്ഞ വർഷം ഒാപൺ സ്കൂൾ രജിസ്ട്രേഷൻ നടത്തിയത് 22000 കുട്ടികളാണ്.
കോഴിക്കോട് ജില്ലയിൽനിന്ന് 11000 പേരും പാലക്കാട്ടുനിന്ന് 10500 ഉം കണ്ണൂരിൽനിന്ന് 5000 പേരും ഒാപൺ സ്കൂളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൗ ജില്ലകളിൽ പ്ലസ്വൺ പ്രവേശനത്തിന് അപേക്ഷകർ കൂടുതലുള്ള സർക്കാർ സ്കൂളുകളിലെങ്കിലും പുതിയ ബാച്ചുകൾ അനുവദിച്ചാൽ ഒരു പരിധിവെര സീറ്റ് ക്ഷാമം പരിഹരിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.