ഫിഷറീസ്, അക്വാകൾച്ചർ രംഗത്ത് നോർവേയുടെ സഹായവാഗ്ദാനം
text_fieldsതിരുവനന്തപുരം: കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്താനും ഫിഷറീസ്, അക്വാകൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പാക്കാനും നോർവേയുടെ സഹായവാഗ്ദാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലെ ഉന്നതതല സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിൽ നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി മന്ത്രി ജോർണർ സെൽനെസ് സ്കെജറനാണ് ഇക്കാര്യം അറിയിച്ചത്.
1953ൽ കൊല്ലം നീണ്ടകരയിൽ ആരംഭിച്ച നോർവീജിയൻ പദ്ധതി കേരളത്തിലെ മത്സ്യബന്ധന മേഖലയിലുണ്ടാക്കിയ മാറ്റങ്ങൾ മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. മത്സ്യബന്ധന വ്യവസായ വികസനം, മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തൽ എന്നീ ലക്ഷ്യങ്ങളോടെ 1952 ഒക്ടോബർ 17ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയും നോർവേയും ത്രികക്ഷി കരാറിൽ ഏർപ്പെട്ട കാര്യം മുഖ്യമന്ത്രി പറഞ്ഞു. തുടർന്നാണ് പദ്ധതി ആരംഭിച്ചത്. 1961ൽ പദ്ധതി എറണാകുളത്തേക്ക് മാറ്റി.
എറണാകുളത്ത് ഐസ് പ്ലാന്റും മത്സ്യബന്ധന യാനങ്ങൾക്കുള്ള സ്ലിപ് വേയോടുകൂടിയ വർക്ഷോപ്പും സ്ഥാപിച്ചു. ഇതോടെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയിൽ കേരളം അതിവേഗം വളരുകയും കടൽ മത്സ്യ ഉൽപാദനം വർഷംതോറും വർധിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി കടൽ മത്സ്യ ഉൽപാദനത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്. ഇന്ത്യ-നോർവേ സഹകരണത്തിൽ കേരളം പ്രധാന ഘടകമാണെന്ന് ജോർണർ സെൽനെസ് സ്കെജറൻ പറഞ്ഞു. സഹകരണത്തിന്റെ പ്രധാന ഭാഗം കൊച്ചിൻ ഷിപ്യാർഡിലെ കപ്പൽ നിർമാണമാണ്. മന്ത്രി പി. രാജീവ് മാരിടൈം ക്ലസ്റ്ററിന്റെ പ്രാധാന്യവും സാങ്കേതിക സഹകരണത്തിന്റെ ആവശ്യകതയും വിവരിച്ചു.
മറൈൻ അക്വാകൾചർ മേഖലയിൽ സഹകരിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി വി. അബ്ദുറഹിമാൻ വിശദീകരിച്ചു. ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ ഡോ. വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഡൽഹിയിലെ സംസ്ഥാന സർക്കാറിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി, ഫിഷറീസ് ആൻഡ് ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് എന്നിവരടങ്ങിയതായിരുന്നു പ്രതിനിധി സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.