12 വർഷം മുമ്പ് കാണാതായ മൂക്കുത്തി ഭാഗം ശ്വാസകോശത്തിൽ
text_fieldsകൊച്ചി: 12 വർഷംമുമ്പ് കാണാതായ മൂക്കുത്തിയുടെ ഭാഗം വീട്ടമ്മയുടെ ശ്വാസകോശത്തിൽനിന്ന് കണ്ടെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44കാരിയുടെ ശ്വാസകോശത്തിൽനിന്നാണ് മൂക്കുത്തിയുടെ ഒരുസെന്റീമീറ്റർ നീളമുള്ള ചങ്കിരി പുറത്തെടുത്തത്. കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
12 വർഷം മുമ്പാണ് വീട്ടമ്മക്ക് മൂക്കുത്തിയുടെ ചങ്കിരി നഷ്ടമായത്. മൂക്കുത്തിയുടെ പ്രധാനഭാഗം വീട്ടിൽനിന്ന് കിട്ടിയെങ്കിലും പിറകിലെ പിരി കിട്ടിയില്ല. കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായപ്പോൾ നടത്തിയ സ്കാനിങ്ങിലാണ് ശ്വാസകോശത്തിൽ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സക്ക് അമൃത ആശുപത്രിയിലെത്തി. അമൃത ആശുപത്രിയിലെ ഇന്റർവെൻഷനൽ പൾമണോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇത് മൂക്കുത്തിയുടെ ഭാഗമാണെന്ന് തിരിച്ചറിയുകയും റിജിഡ് ബ്രോങ്കോസ്കോപിയിലൂടെ പുറത്തെടുക്കുകയുമായിരുന്നു.
ഡോ. ശ്രീരാജ് നായർ, ഡോ. ടോണി ജോസ് എന്നിവരും ചികിത്സ സംഘത്തിലുണ്ടായിരുന്നു. ഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തിയുടെ ഭാഗം മൂക്കിനുള്ളിലൂടെ വായിലെത്തി ശ്വാസകോശത്തിലേക്ക് പോയതാകാമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.