അമൃത് മഹോത്സവ ആഘോഷങ്ങളല്ല, ആത്മപരിശോധനയാണ് വേണ്ടത് -തുഷാര്‍ ഗാന്ധി
text_fieldsഗുരുവായൂര്‍: വെറുപ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടുന്ന കാലത്ത് സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് മഹാത്മ ഗാന്ധിയുടെ ചെറുമകനും സാമൂഹിക പ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജി ഗുരുവായൂരില്‍ പ്രസംഗിച്ചതിന്‍റെ 90ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ഹരിജന്‍ സേവക് സംഘമാണ് നവതി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ജാതിയും മതവും ഭാഷയുമെല്ലാം ഭിന്നിപ്പിന് കാരണമാകുന്ന സ്ഥിതിവിശേഷത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ബാപ്പുവും നെഹ്റുവും പട്ടേലും അംബേദ്കറും സ്വപ്നം കണ്ട രാജ്യമല്ല സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ നിലവിലുള്ളത്. 75 വര്‍ഷം മുമ്പ് രാജ്യത്തിന്റെ ദുരവസ്ഥക്ക് കാരണക്കാരായി ബ്രിട്ടീഷുകാരെ ചൂണ്ടികാട്ടാമായിരുന്നു. ഇന്നത്തെ അവസ്ഥക്ക് ആരാണ് ഉത്തരവാദികളെന്ന് പരിശോധിക്കണം.
രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര വിജയിക്കണമെങ്കില്‍ യാത്ര മുന്നോട്ടുവെക്കുന്ന സന്ദേശം ജനം ഏറ്റെടുക്കണമെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. ഹരിജന്‍ സേവക് സംഘ് സംസ്ഥാന ചെയര്‍മാന്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മഹാത്മജി സാംസ്‌കാരിക വേദി പ്രസിഡന്റ് സജീവന്‍ നമ്പിയത്ത്, ഡോ. എം.പി. മത്തായി, ഡോ. ജേക്കബ് വടക്കന്‍ചേരി, എം.എന്‍. ഗോപാലകൃഷ്ണ പണിക്കര്‍, മുന്‍ എം.പി സി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തവരുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും കുടുംബാംഗങ്ങളായ പുതുശ്ശേരി രവീന്ദ്രന്‍, തിരുവത്ര ജയറാം, നെല്ലിക്കല്‍ അശോക് കുമാര്‍, സി.പി. നായര്‍, വി. അച്യുതന്‍കുട്ടി, ഗോപിനാഥ് ചേന്നര എന്നിവരെ ആദരിച്ചു.
പിതാമഹന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ച് തുഷാര്‍ ഗാന്ധി
ഗുരുവായൂര്‍: 90 വര്‍ഷം മുമ്പ് തന്റെ പിതാമഹന്‍ ജാതീയതക്കെതിരെ പോരാട്ടം നയിച്ച ഓര്‍മകള്‍ക്ക് മുന്നില്‍ തുഷാര്‍ ഗാന്ധി നമ്രശിരസ്‌കനായി. ‘ഗാന്ധി മഹാത്മാ കീ ജയ്’ എന്ന മുദ്രാവാക്യങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തിലാണ് തുഷാര്‍ ഗാന്ധി ഗാന്ധി പ്രതിമക്ക് മുന്നില്‍ കൈകള്‍ കൂപ്പി മൗനമായി ശിരസ്സ് നമിച്ചത്.
1932 ജനുവരി 11ന് ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ ഭാഗമായി ഗാന്ധി പ്രസംഗിച്ചയിടത്ത് സ്ഥാപിച്ച പ്രതിമക്ക് മുന്നിലായിരുന്നു ചെറുമകന്റെ പ്രണാമം. സ്വാതന്ത്ര്യ സമരത്തില്‍ രാസത്വരകമായി വര്‍ത്തിച്ച ‘രഘുപതി രാഘവ രാജാറാം...’ കീര്‍ത്തനവും മലയാളികള്‍ ഏറ്റുപാടിയ അംശി നാരായണ പിള്ളയുടെ ‘വരിക വരിക സഹജരേ’ സ്മൃതി മണ്ഡപത്തില്‍ ഒത്ത് ചേര്‍ന്നവര്‍ ആലപിച്ചു.
ഗാന്ധി പ്രതിമയെ വലംവെച്ച ശേഷമാണ് തുഷാര്‍ മണ്ഡപത്തില്‍നിന്ന് ഇറങ്ങിയത്. 1975 ഒക്ടോബര്‍ 18നാണ് ഗാന്ധിജിയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചത്. 2014 ഒക്ടോബര്‍ രണ്ടിന് നഗരസഭ ഇവിടെ സ്മൃതി മണ്ഡപം നിര്‍മിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.