അംഗീകാരമായില്ല; കോവാക്സിൻ സ്വീകരിച്ച പ്രവാസികൾ ധർമസങ്കടത്തിൽ
text_fieldsകോഴിക്കോട്: ഗൾഫ് രാജ്യങ്ങൾ അംഗീകരിക്കാത്ത കോവാക്സിൻ എടുത്ത പ്രവാസികൾ ധർമസങ്കടത്തിൽ. തങ്ങൾ അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്ക് ചില ഗൾഫ് രാജ്യങ്ങൾ പ്രവേശനാനുമതി നൽകിയിട്ടുണ്ടെങ്കിലും കോവാക്സിൻ എടുത്തവർക്ക് ആനുകൂല്യം ഉപയോഗപ്പെടുത്താനാകില്ല. കോവിഷീൽഡാണ് ഗൾഫ് രാജ്യങ്ങൾ അംഗീകരിച്ചത്. ഇത് അറിയാതെ കോവാക്സിൻ എടുത്തവർ എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ്. ഉടനെ യാത്രാനുമതി ലഭിച്ചില്ലെങ്കിൽ വിസ റദ്ദാകുന്നവരും കൂട്ടത്തിലുണ്ട്.
കോവാക്സിൻ എടുത്തവർ പരിഹാരത്തിനായി ജില്ല മെഡിക്കൽ ഓഫിസർമാർ ഉൾപ്പെടെയുള്ളവരെ സമീപിച്ചെങ്കിലും കൈമലർത്തുകയാണ്. ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് അതേ വാക്സിൻതന്നെ രണ്ടാം ഡോസായി നൽകാനാണ് ആരോഗ്യവകുപ്പിെൻറ മാർഗനിർദേശം.
രണ്ട് ഡോസും എടുത്തവർക്ക് മറ്റൊരു കമ്പനിയുടെ വാക്സിൻ നൽകുന്നതുസംബന്ധിച്ച് പഠന റിപ്പോർട്ടൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, മറ്റു രാജ്യങ്ങളിൽ രണ്ടു ഡോസ് വാക്സിൻ എടുത്തശേഷം മൂന്നു മാസം കഴിഞ്ഞ് മറ്റൊരു കമ്പനിയുടെ വാക്സിൻ എടുക്കാൻ അനുമതിയുണ്ട്. സൗദി അറേബ്യ അംഗീകരിക്കാത്ത വാക്സിൻ സ്വീകരിച്ച മറ്റു ഗൾഫ് രാജ്യങ്ങളിലുള്ളവർ മൂന്നു മാസം കഴിഞ്ഞ് സൗദിയിൽ അംഗീകാരമുള്ള വാക്സിൻ സ്വീകരിച്ച് സൗദിയിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറും ആരോഗ്യവകുപ്പും ഇതുവരെ അനുകൂലനിലപാട് സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.