സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാത്തത് സർക്കാറിന്‍റെ വീഴ്ച -സി.എസ്. ചന്ദ്രിക
text_fieldsകോഴിക്കോട്: സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് സർക്കാറിന്‍റെയും പൊലീസിന്‍റെയും ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് എഴുത്തുകാരി സി.എസ്. ചന്ദ്രിക. അതിജീവിതമാരോടൊപ്പം പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എസ്.സി-എസ്.ടി അതിക്രമം തടയൽ നിയമം അനുസരിച്ച് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള കേസ് ആയിട്ടുപോലും പൊലീസിന്‍റെ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യാനുള്ള ഒരുനീക്കവും ഉണ്ടായില്ല.
സാംസ്കാരിക മൂലധനവും സാമൂഹികമൂലധനവുമുള്ള ഒരാൾക്കെതിരെ ദലിത് വിഭാഗത്തിൽനിന്നുള്ള യുവതി സമരസജ്ജമായി ഇറങ്ങുന്നത് ആദ്യമായാണ്. ഇത്തരം പരാതികൾ നൽകുന്ന പെൺകുട്ടികളുടെ പേരും മുഖവും സാമൂഹിക ജീവിതവും എല്ലാം നഷ്ടപ്പെടുകയാണ്. ഇതിന് അവസാനമുണ്ടാകണം. പീഡനപരാതികൾ നൽകുന്ന പെൺകുട്ടികൾക്ക് സമൂഹത്തിൽ ജീവിക്കാൻകഴിയുന്ന സാഹചര്യമുണ്ടാകണം. എഴുത്തുകാരികളുടെ ഇത്തരം പരാതികൾ പരിഹരിക്കുന്നതിനായി സാഹിത്യ അക്കാദമിയിൽ പരാതിപരിഹാര സംവിധാനം ഒരുക്കണമെന്നും സി.എസ്. ചന്ദ്രിക ആവശ്യപ്പെട്ടു.
'മീ ടൂ പ്രസ്ഥാനത്തിന്‍റെ പ്രസക്തി' എന്ന വിഷയത്തിൽ ബിനിത തമ്പി സംസാരിച്ചു. സാഹിത്യ -സാംസ്കാരിക മേഖലയിലെ അതികായന്മാരുടെ ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാകുന്ന അതിജീവിതമാരുടെ എണ്ണം ഏറിവരുകയാണെന്ന് കെ. അജിത പറഞ്ഞു. എച്ച്മുക്കുട്ടി, കെ. സുൽഫത്ത്, വിജി പെൺകൂട്ട്, ഷാഹിന കെ. റഫീഖ്, എം.എ. ഷഹ്നാസ്, അഡ്വ. അബിജ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.