സിൽവർലൈൻ മുന്നോട്ട് തന്നെ; പദ്ധതി മരവിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കെ റെയിൽ
text_fieldsതിരുവനന്തപുരം: സിൽവർലൈൻ അർധ-അതിവേഗ റെയിൽവേ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്ന് കെ-റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത്കുമാർ. പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ഓൺലൈനിൽ സംഘടിപ്പിച്ച ജനസമക്ഷം സിൽവർലൈൻ പരിപാടിയിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പദ്ധതി മരവിപ്പിക്കാൻ സർക്കാറോ കെ-റെയിലോ തീരുമാനിച്ചിട്ടില്ല. കല്ലിട്ട സ്ഥലങ്ങളിൽ സാമൂഹികാഘാത പഠനം നടന്നുവരുകയാണ്. കല്ലിടാത്ത സ്ഥലങ്ങളിൽ ജിയോ ടാഗിങ്ങിലൂടെ പഠനം നടത്തും. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയിലുള്ളവരെ പൂർണ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയശേഷമേ ഒഴിപ്പിക്കൂ. ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച് സാമൂഹികാഘാത പഠനത്തിനുശേഷമേ അന്തിമ തീരുമാനമെടുക്കൂ.
ഏറ്റെടുക്കുന്ന ഭൂമി വായ്പ നൽകുന്ന വിദേശ സ്ഥാപനത്തിന് ഈട് നൽകുമെന്ന ആരോപണം ശരിയല്ല. ധനമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായാണ് വായ്പയെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് രണ്ടു വർഷവും തുടർന്ന് പദ്ധതി പൂർത്തിയാക്കുന്നതിന് മൂന്നു വർഷവുമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ എസ്റ്റിമേറ്റ് തുക നിശ്ചയിച്ചത് സിസ്ട്രയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. ചെലവ് കുറച്ചുകാണിച്ചെന്ന ആരോപണം ശരിയല്ല. അർധ-അതിവേഗ റെയിൽവേ പദ്ധതിക്ക് അതിവേഗ പദ്ധതിയുടെ ചെലവ് വരില്ല. പദ്ധതിക്കായി ജയ്ക്കയിൽനിന്നെടുക്കുന്ന വായ്പ ചരടുകളുള്ളതോ ഇല്ലാത്തതോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. പാതയുടെ ഗേജ് തീരുമാനിക്കുന്നത് ജയ്ക്കയല്ല. പദ്ധതി നടപ്പാക്കുന്ന ഏജൻസിയാണ്.
വേഗത്തിന്റെ കാര്യത്തിൽ കേരളത്തിെൻറ ആവശ്യം പൂർത്തീകരിക്കുന്നതല്ല കേന്ദ്ര സർക്കാർ പുതുതായി പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിനുകൾ. ഏതു പദ്ധതി വരുമ്പോഴും എതിർക്കുന്നവരാണ് സിൽവർലൈനിനെയും എതിർക്കുന്നത്. വരുമാനത്തിൽനിന്ന് തന്നെ വായ്പ തിരിച്ചടക്കാനാകുമെന്നും ഇതിന്റെ ഉത്തരവാദിത്തം കെ-റെയിലിനാണെന്നും എം.ഡി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.