സി.പി.എമ്മിന് എളുപ്പം കൈകഴുകാനാവില്ല
text_fieldsകോഴിക്കോട്: ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനുമെതിരെ പി.വി. അൻവർ എം.എൽ.എ നൽകിയ പരാതി സി.പി.എമ്മിന് തള്ളാനും കൊള്ളാനും വയ്യ. ഭരണകക്ഷി എം.എൽ.എ എന്നതിലപ്പുറം ഫോൺ സംഭാഷണം, അനധികൃത സ്വത്തിന്റെ രേഖ എന്നിവയടക്കം തെളിവുകൾ പുറത്തുവിട്ടാണ് അൻവർ മാധ്യമങ്ങൾക്ക് മുന്നിൽ ആരോപണങ്ങളുന്നയിച്ചത് എന്നതിനാൽ നടപടി അനിവാര്യമാണ്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വരെ ഫോൺ ചോർത്തി, സമാന്തര രഹസ്യാന്വേഷണ സേനയുണ്ടാക്കി, 10 കോടിയോളം രൂപ ചെലവഴിച്ച് സ്ഥലംവാങ്ങി ആഡംബര വീടുണ്ടാക്കുന്നു, സ്വർണക്കടത്ത് അടക്കം ക്രിമിനൽ കുറ്റത്തിന് കൂട്ടുനിന്നു, കൊലയും കുറ്റകൃത്യങ്ങളും നടത്തി എന്നീ ഗുരുതര ആരോപണമാണ് സർക്കാറിന്റെ ഭാഗമായ രണ്ട് ഉന്നതർക്കെതിരെ ഉയർന്നത്.
ഇസ്രായേൽ ചാര സോഫ്റ്റ്വെയർ പെഗാസസ് ഉപയോഗിച്ച് പൗരന്മാരെ രഹസ്യമായി നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ഫോണ്ചോര്ത്തിയതില് സുപ്രീം കോടതിയെ സമീപിച്ച പാർട്ടിയാണ് സി.പി.എം. ആ നിലക്ക് മുഖ്യമന്ത്രിയുടെ ഉൾപ്പെടെ ഫോൺ ചോർത്തൽ തെളിവുകൾ പുറത്തുവന്നാൽ, സി.പി.എം ഭരണത്തിന്റെ വൻ പിടിപ്പുകോടായി അത് വിലയിരുത്തപ്പെടും. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിലെ ഹൈകോടതി ഇടപെടൽ എന്താവുമെന്നതും പ്രധാനമാണ്. ഇത് മുൻകൂട്ടി കണ്ടാണ് ഡി.ജി.പിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടതെങ്കിലും, കീഴുദ്യോഗസ്ഥരാണ് എ.ഡി.ജി.പിക്കെതിരെ അന്വേഷണം നടത്തുന്നതെന്ന വിചിത്ര വസ്തുതയുമുണ്ട്. അതിനാൽ, സി.പി.എം സെക്രട്ടേറിയറ്റിലെ ചർച്ചക്കുപിന്നാലെ പി. ശശിക്കും അജിത് കുമാറിനുമെതിരെ പാർട്ടിക്കും സർക്കാറിനും കടുത്ത നടപടി സ്വീകരിക്കൽ അനിവാര്യമാകും. നടപടി നീട്ടികൊണ്ടുപോയാൽ തെളിവുകൾ ഓരോന്നായി പുറത്തുവന്ന് പഴയ സ്വർണക്കടത്ത് കേസിന് സമാനമായി മുഖ്യമന്ത്രിയുടെ ഓഫിസ് വീണ്ടും കരിനിഴലിലാകും.
അതേസമയം, പാർട്ടി പ്രവർത്തകരും സൈബർ സഖാക്കളും അൻവറിന് അനുകൂലമായി രംഗത്തുവരികയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പി. ശശിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുയർത്തുകയും ചെയ്യുന്നുണ്ട്. ഇതോടെ മറ്റെന്തെങ്കിലും ലക്ഷ്യമിട്ട് പാർട്ടിയിലെ ഉന്നത നേതാക്കളിലാരെങ്കിലും അൻവറിന് പിന്നിലുണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. എം.എൽ.എമാരായ യു. പ്രതിഭ, കെ.ടി. ജലീൽ, മുൻ എം.എൽ.എ കാരാട്ട് റസാഖ് അടക്കമുള്ളവർ അൻവറിനെ പിന്തുണച്ച് രംഗത്തുവന്നു. ആരോപണം പരിശോധിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്. അൻവറിന്റെ ആരോപണങ്ങൾ പ്രതിപക്ഷം ശരിവെക്കുകയും ചെയ്തു. അൻവറിന്റെ ആരോപണങ്ങൾക്ക് പൊതുപിന്തുണ ലഭിച്ചതോടെയാണ് മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചത് എന്നതും ശ്രദ്ധേയമാണ്.
"പി. ശശിയുടെ അനധികൃത ഇടപെടലും അജിത്ത് കുമാറിന്റെ പ്രവർത്തനവും സംബന്ധിച്ച തെളിവുകൾ ഉൾപ്പെടെ അൻവർ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ശശിക്കെതിരായ പരാതി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നൽകാൻ മുഖ്യമന്ത്രിയാണ് നിർദേശിച്ചത്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ മാധ്യമങ്ങൾക്കുമുന്നിൽ ആരോപണങ്ങളുന്നയിക്കുന്നത് നിർത്താനുള്ള മുഖ്യമന്ത്രിയുടെ ഉപദേശമാണ് അൻവറിനെ പിറകോട്ടടിപ്പിച്ചത്.
പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിയിലെ എല്ലാവരുടെയും നിലപാടാണെന്ന് വ്യഖ്യാനിക്കേണ്ടതില്ല. അൻവർ ഇടതുമുന്നണിയുമായി സഹകരിക്കുന്ന എം.എൽ.എയാണ്. അദ്ദേഹം ഇപ്പോഴും ഇടതുമുന്നണിയുടെ ഭാഗമാണ്. അതുകൊണ്ട് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിൽ സർക്കാറിന്റെ സമീപനമാണ് ഇപ്പോൾ വ്യക്തമാക്കിയത്. ആരോപണങ്ങൾ സർക്കാർ അംഗീകരിച്ചു. ഏതൊരു വ്യക്തി ഇത്തരമൊരു ആരോപണമുന്നയിച്ചാലും സർക്കാർ പരിശോധിക്കും. പി. ശശിയുമായി ബന്ധപ്പെട്ട് അൻവറിന്റെ പരാതിയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അന്വേഷിക്കും. കുറ്റം ചെയ്യുന്ന ഒരാളെയും സംക്ഷിക്കുന്ന നിലപാട് ഇന്നുവരെ സി.പി.എം സ്വീകരിച്ചിട്ടില്ല."
ടി.പി രാമകൃഷ്ണൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.