ശമ്പളം ലഭിക്കുന്നില്ല; ട്രൈബൽ പ്രമോട്ടറെ അവശനിലയിൽ കണ്ടെത്തി
text_fieldsമൂവാറ്റുപുഴ: ശമ്പളം ലഭിക്കാതെവന്നതിനെ തുടർന്നുണ്ടായ മനപ്രയാസത്തിൽ അമിതമായഗുളിക കഴിച്ച് അവശനിലയിലായ ട്രൈബൽ പ്രമോട്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഴക്കുളം സ്വദേശി ലിബിൻ തോമസിനെയാണ് (24) കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശമ്പളം കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പറയുന്നത്. ചൊവ്വാഴ്ചയാണ് സംഭവം. ആലുവ ട്രൈബൽ എക്സ്‌റ്റെൻഷൻ ഓഫിസറുടെ കീഴിൽ മൂവാറ്റുപുഴ ബ്ലോക്ക് എസ്.ടി. പ്രമോട്ടറാണ് ലിബിൻ. ഈ മാസത്തെ ശമ്പളം മറ്റ് പ്രമോട്ടർമാർക്ക് നൽകിയിട്ടും ലിബിെൻറയടക്കം മൂന്നുപേരുടെ ശമ്പളം തടഞ്ഞതായാണ് ആരോപണം.
അസുഖത്തിന് മരുന്ന് വാങ്ങാനും കുടുംബ ചെലവ് നടത്താനും ശമ്പളം കിട്ടാത്തതിനാൽ സാധിച്ചിട്ടില്ലെന്ന് കാട്ടി ലിബിൻ ട്രൈബൽ ഓഫിസറെ ബന്ധപ്പെടുകയും വാട്‌സ്ആപ്പിൽ സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, അനുകൂല നടപടി ഉണ്ടായില്ലത്രെ. വീട്ടുചെലവിനായി അടിമാലിയിലെ ഏലത്തോട്ടത്തിൽ രണ്ട് ദിവസത്തെ പണിക്ക് പോയിരുന്നു.
ബസിൽ മടങ്ങും വഴി ഓഫിസറെ ശമ്പളത്തിന് ബന്ധപ്പെട്ടപ്പോഴും അനുകൂല മറുപടിയല്ലത്രെ ലഭിച്ചത്. തുടർന്നുണ്ടായ മനോവിഷമത്തിൽ കൈവശം ഉണ്ടായിരുന്ന ഗുളിക അമിതമായി കഴിക്കുകയായിരുന്നുവെന്ന് ആദിവാസി സംഘടനകൾ പറയുന്നു.എന്നാൽ, ജില്ലയിലെ പ്രമോട്ടർമാർക്ക് ആർക്കും ഈ മാസത്തെ ശമ്പളം നൽകിയിട്ടില്ലെന്നാണ് ട്രൈബൽ അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.