പൊതുഗതാഗതത്തോട് പുറംതിരിഞ്ഞ് ജനം; നിരത്തുകളിൽ 1.6 കോടി വാഹനങ്ങൾ
text_fieldsകൊച്ചി: പൊതുഗതാഗതത്തിന് പകരം ജനം സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് വർധിച്ചതോടെ നിരത്തുകൾ തിങ്ങിനിറഞ്ഞ് വാഹനങ്ങൾ. ഇതുവരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ 1,59,90,331 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ മേയ് വരെയുള്ള കണക്കുപ്രകാരം 43,16,209 നാലുചക്രവാഹനങ്ങളും 10,19,717 മുച്ചക്രവാഹനങ്ങളും 1,04,16,745 ഇരുചക്ര വാഹനങ്ങളുമാണ് രജിസ്റ്റർ ചെയ്തത്. കോവിഡ് രൂക്ഷമായ 2020ൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ചെറിയ കുറവുണ്ടായെങ്കിലും തൊട്ടടുത്ത വർഷം മുതൽ വീണ്ടും വർധിച്ചു.
അതേസമയം, പുതിയ മുച്ചക്രവാഹനങ്ങൾ നിരത്തുകളിൽ കുറയുന്നതായാണ് കണക്ക്. കോവിഡാനന്തരം പൊതുഗതാഗതം പൂർവസ്ഥിതിയിലെത്താൻ കാലതാമസം നേരിട്ടപ്പോൾ കൂടുതൽപേർ സ്വന്തം വാഹനങ്ങളിലേക്ക് യാത്ര മാറ്റിയത് നിരത്തുകളിലെ വാഹനത്തിരക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്.
സെക്കൻഡ് ഹാൻഡ് വാഹന വിപണിക്ക് വലിയ ഉണർവുണ്ടായ ഘട്ടമായിരുന്നു അത്. വാഹനങ്ങളുടെ എണ്ണം കൂടുമ്പോൾ ഗതാഗതക്കുരുക്കിനൊപ്പം അന്തരീക്ഷ മലിനീകരണവും വർധിക്കുകയാണ്. പൊതുഗതാഗതത്തിന് കൂടുതൽ ഊന്നൽ നൽകിയുള്ള പ്രചാരണം ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും അവർ അഭിപ്രായപ്പെടുന്നു.
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിലൂടെ വലിയ വരുമാനം മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്നുണ്ട്. എന്നാൽ, ഇതിന്‍റെ ക്രോഡീകരിച്ച കണക്കുകൾ വകുപ്പിൽ ലഭ്യമല്ല. അഞ്ചു വർഷങ്ങളിൽ മോട്ടോർ വാഹന വകുപ്പിൽ ലഭിച്ച ആകെ വരുമാനം 17891.9 കോടിയാണ്. സർവിസ് ചാർജ്, ഗ്രീൻ ടാക്സ് അടക്കം വിവിധ നികുതികൾ, വിവിധ ഫീസുകൾ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളിലൂടെ ലഭിച്ച ആകെ വരുമാനമാണിത്.
കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ
വർഷം, ആകെ വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, കാറുകൾ, മുച്ചക്ര വാഹനങ്ങൾ
2017 - 1015426, 709162, 244723, 7144
2018- 1050321, 734810, 242826, 7412
2019- 913748, 634434, 211028, 6520
2020- 640545, 446137, 156703, 5843
2021- 765397, 514553, 209870, 5381
മോട്ടോർ വാഹന വകുപ്പിന്റെ വരുമാനം
2017-18- 36518139572
2018-19- 35542909490
2019-20- 35192018440
2020-21- 31845401752
2021-22- 39820888925
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.