ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടപെട്ടില്ലെന്ന് തൃശൂര്‍ അതിരൂപത
text_fieldsതൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ വിധിയുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമുദായത്തിനുനേരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അത് തള്ളിക്കളയുന്നുവെന്നും തൃശൂര്‍ അതിരൂപത.
സാമ്പത്തിക നേട്ടങ്ങൾക്കായി അതിരൂപത നേതൃത്വം ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണച്ചുവെന്ന ആരോപണം വേദനാജനകമാണ്. ബി.ജെ.പി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് ക്രൈസ്തവ സമൂഹം പിന്തുണ നല്‍കിയെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അതിരൂപതയുടെ വിശദീകരണം.
രാഷ്ട്രീയ തെരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ അതിരൂപത ഏതെങ്കിലും രാഷ്ട്രീയ കക്ഷിയെയോ മുന്നണിയെയോ പിന്തുണക്കുകയോ എതിര്‍ക്കുകയോ ചെയ്യാറില്ല. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ കാര്യത്തില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ തൃശൂര്‍ അതിരൂപതയുടെ ഭാഗമായ മൂന്ന് നിയമസഭ മണ്ഡലങ്ങളില്‍ ഇതര രാഷ്ട്രീയകക്ഷികള്‍ക്ക് മേല്‍ക്കൈ ഉണ്ടായത് മനഃപൂര്‍വം വിസ്മരിക്കുന്നു.
പൊതുസമൂഹത്തിനും സമുദായത്തിനും സ്വീകാര്യമായ നിലപാടുകളാണ് ഈ തെരഞ്ഞെടുപ്പിലും അതിരൂപത സ്വീകരിച്ചത്. മറിച്ചുള്ള ആരോപണങ്ങള്‍ ദുരുദ്ദേശ്യപരമാണ്. സ്വന്തം വീഴ്ചകള്‍ മറച്ചുവെച്ചും പോരായ്മകള്‍ അംഗീകരിക്കാതെയും തോല്‍വിയുടെ ഉത്തരവാദിത്തം മറ്റുള്ളവരില്‍ കെട്ടിവെക്കാനുള്ള രാഷ്ട്രീയ കൗശലത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നും അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.