പിഴയിൽ ഒതുങ്ങില്ല; ക്രമവിരുദ്ധ നിർമാണങ്ങൾക്ക് റീ അസസ്മെന്റിനും നിർദേശം
text_fieldsതിരുവനന്തപുരം: ക്രമവിരുദ്ധമായി വിസ്തീർണം വർധിപ്പിച്ച കെട്ടിടങ്ങൾക്ക് തദ്ദേശ, റവന്യൂ വകുപ്പുകൾ നിശ്ചയിച്ച പിഴ ഒടുക്കിയാലും കുരുക്കഴിയില്ല. കെട്ടിടങ്ങൾ വീണ്ടും അളന്ന് തിട്ടപ്പെടുത്തി (റീ അസസ്മെന്റ്) നികുതി പുതുക്കി നിശ്ചിക്കണമെന്നാണ് നിർദേശം. തദ്ദേശ വകുപ്പ് ഇതുസംബന്ധിച്ച നടപടികൾ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് വിവരം. പിഴ ഒടുക്കിയ ഫയലുകൾ പലതും റീ അസസ്മെന്റിനായി എൻജിനീയറിങ് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അനധികൃത നിർമാണങ്ങൾ പിഴ ഒടുക്കി ക്രമവത്കരിക്കാൻ അവസരമെന്നാണ് ഇതുസംബന്ധിച്ച് തദ്ദേശവകുപ്പ് ആദ്യം അറിയിച്ചത്. അപ്രകാരമാണ് പലരും പിഴ ഒടുക്കാൻ തയാറായി മുന്നോട്ടുവന്നത്. പലരും മൂന്നിരട്ടി പിഴ ഒടുക്കി ബാധ്യതയിൽനിന്ന് തലയൂരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിസ്തീർണം വർധിപ്പിച്ച ഏരിയ കൂടി ഉൾപ്പെടുത്തി നികുതി പുനർനിർണയിക്കണമെന്ന ആവശ്യം ഇപ്പോൾ മുന്നോട്ടുവെച്ചത്. തദ്ദേശവകുപ്പ് ഇക്കാര്യം മുൻകൂട്ടി അറിയിക്കാത്തത് ദുരൂഹമെന്നും പരാതി ഉയർന്നിട്ടുണ്ട്.
കാർ പോർച്ച്, ബാത്ത്റൂം, അടുക്കള വികസിപ്പിക്കൽ, വർക്ക് ഏരിയ, മുറികളുടെ രൂപമാറ്റം എന്നിങ്ങനെയുള്ള നിർമാണങ്ങളാണ് പലരും നടത്തിയിരിക്കുന്നത്. ഇത്തരം നിർമാണങ്ങൾക്ക് മൂന്നിരട്ടി വരെ പിഴ ഒടുക്കാൻ മിക്കവരും തയാറായി. എന്നാൽ നികുതി പുനർനിർണയിക്കണമെന്ന നിർദേശമാണ് ഇരുട്ടടിയായത്. ഇത് തദ്ദേശ വകുപ്പിന്റെ വക പ്രഹരമാണെങ്കിൽ റവന്യൂ വകുപ്പ് കഴിഞ്ഞദിവസം കൈക്കൊണ്ട തീരുമാനം മറ്റൊരു ആഘാതമായി. കെട്ടിട നിർമാണ അനുമതിയിലെ വിസ്തീര്‍ണത്തേക്കാള്‍ അധികരിച്ചാല്‍ ഒറ്റത്തവണ നികുതിയുടെ 50 ശതമാനം പിഴ ചുമത്താനാണ് റവന്യൂ വകുപ്പിന്റെ നീക്കം.
ഇതുസംബന്ധിച്ച കേരള കെട്ടിട നികുതി നിയമ (ഭേദഗതി) ഓര്‍ഡിനന്‍സിന് മന്ത്രിസഭ ശിപാര്‍ശ നൽകി.
ഒറ്റത്തവണ കെട്ടിട നികുതി അടച്ചപ്പോഴുള്ള സത്യവാങ്മൂലത്തില്‍ നിര്‍ദേശിച്ച വിസ്തീര്‍ണം അനുമതിയില്ലാതെ കൂട്ടിയ ഗാര്‍ഹിക-ഗാര്‍ഹികേതര കെട്ടിട ഉടമകളുടെ പിഴശിക്ഷ ഒറ്റത്തവണ കെട്ടിട നികുതിയുടെ 50 ശതമാനമായി ഉയര്‍ത്താനാണ് നിയമഭേദഗതിയിലെ പ്രധാന ശിപാര്‍ശ. ഒറ്റത്തവണ നികുതി കുടിശ്ശിക വരുത്തിയവർ കെട്ടിടത്തിന്റെ പുതിയ അസസ്മെന്റ് രേഖ ഹാജരാക്കേണ്ടിവരും. കൂട്ടിച്ചേർക്കൽ നടത്തിയാലും ഇല്ലെങ്കിലും അത് ബോധ്യപ്പെടണം.
എന്നിട്ടാവും 50 ശതമാനം പിഴ നിശ്ചയിക്കുക. അതിന് തദ്ദേശവകുപ്പിന്റെ ഓൺലൈൻ രേഖ പരിശോധിച്ച് വിസ്തീർണം കണക്കാക്കുമെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. എന്നാൽ വർഷങ്ങൾക്ക് മുമ്പുള്ള കെട്ടിടങ്ങളുടെ നിർമാണാനുമതികളെല്ലാം നേരിട്ടാണ് സമർപ്പിച്ചിരിക്കുന്നത്. മാത്രവുമല്ല, പരിമിതമായ തദ്ദേശസ്ഥാപനങ്ങളിൽ മാത്രമാണ് ഇപ്പോഴും ഓൺലൈൻ സംവിധാനം നടപ്പിലായിട്ടുള്ളൂ.
3000 ചതുരശ്ര അടിക്ക് മുകളിൽ ഓൺലൈൻ അപേക്ഷകൾ സ്വീകാര്യവുമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.