വേണ്ടത് അടിസ്ഥാന സൗകര്യം: മദ്യശാല കൂട്ടാനോ കുറക്കാനോ പറഞ്ഞില്ല –ഹൈകോടതി
text_fieldsകൊച്ചി: അടിസ്ഥാന സൗകര്യ വികസനത്തിെൻറ പേരിൽ വിദേശ മദ്യശാലകളുടെ എണ്ണം കൂട്ടാനോ കുറക്കാനോ നിർദേശിച്ചിട്ടില്ലെന്ന് ഹൈകോടതി. ഇത്തരം കാര്യങ്ങളെല്ലാം സർക്കാർ നയത്തിെൻറ ഭാഗമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കോടതി ഉത്തരവിെൻറ മറവിൽ മദ്യശാലകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കം ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മദ്യശാലകൾക്ക് മുന്നിലെ ക്യൂ നിയന്ത്രിക്കാൻ നടപടി വേണമെന്ന കോടതി ഉത്തരവിെൻറ ചുവടുപിടിച്ച് 175 പുതിയ മദ്യശാലകൂടി തുറക്കാൻ സർക്കാർ ശ്രമിക്കുന്നതായി ആരോപിച്ചാണ് സുധീരെൻറ ഹരജി. മദ്യശാലകളുടെയോ കൗണ്ടറുകളുെടയോ എണ്ണം വർധിപ്പിക്കാൻ 2017ലെ ഉത്തരവിലൂടെ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തത വരുത്തണമെന്ന പുനഃപരിശോധന ഹരജിയാണ് പരിഗണിച്ചത്. ഹരജി തീർപ്പാകുന്നതുവരെ പുതുതായി 175 മദ്യശാല തുറക്കാനുള്ള ശിപാർശയിൽ തീരുമാനമെടുക്കുന്നത് തടയണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
മദ്യശാലകൾ സ്ത്രീകളും കുട്ടികളുമടക്കമുള്ള പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. സുധീരെൻറ ഹരജിയിൽ സർക്കാറിെൻറ വിശദീകരണം തേടിയ കോടതി, വ്യാഴാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.