‘പൊലീസ് ആസ്ഥാനത്ത് രണ്ട് ഡി.ജി.പിമാർ വേണ്ട’; നിലപാട് കടുപ്പിച്ച് സെൻകുമാർ
text_fieldsതിരുവനന്തപുരം: പേഴ്സനൽ സ്റ്റാഫിനെ മാറ്റാനുള്ള സർക്കാർ നിർദേശം അംഗീകരിച്ച ഡി.ജി.പി ടി.പി. സെൻകുമാർ മറ്റ് കാര്യങ്ങളിൽ കീഴടങ്ങില്ലെന്ന് വ്യക്തമാക്കി മുന്നോട്ട്. പൊലീസ് ആസ്ഥാനത്ത് രണ്ട് ‘ഡി.ജി.പി’മാർ വേണ്ടെന്നും തെൻറ ഉത്തരവുകൾ മാത്രം അവിടെ നടപ്പാക്കിയാൽ മതിയെന്നുമുള്ള കർശനനിലപാടിലേക്ക് ഡി.ജി.പി നീങ്ങി. അതിനാൽ പൊലീസ് ആസ്ഥാനത്തെ ഫയലുകൾ താൻ കണ്ടിരിക്കണമെന്നും തെൻറ നിർദേശങ്ങൾ മാത്രം നടപ്പാക്കിയാൽ മതിയെന്നും ഡി.ജി.പി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശനനിർദേശം നൽകി.
എന്നാൽ ഡി.ജി.പിയുടെ നിർദേശങ്ങൾ അംഗീകരിക്കേണ്ടതില്ലെന്നും സെൻകുമാറിന് ഇനി ദിവസങ്ങൾ മാത്രമേ സർവിസിൽ ശേഷിക്കുന്നുള്ളൂയെന്നും അതുവരെ ഇൗ ഉത്തരവുകൾ നടപ്പാക്കേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് ഉദ്യോഗസ്ഥ-ജീവനക്കാരുൾപ്പെട്ട ഒരുസംഘം.
പൊലീസ് ആസ്ഥാനത്തെ രഹസ്യഫയലുകൾ കൈകാര്യംചെയ്യുന്ന ടി ബ്രാഞ്ചിൽനിന്നുള്ള രേഖകളും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന കർശനനിർദേശം ഡി.ജി.പി നൽകിയിട്ടും അത് ഇതുവരെ നടപ്പാക്കാൻ ജീവനക്കാർ തയാറായിട്ടില്ലെന്നാണ് വിവരം. ഇൗ ബ്രാഞ്ചിൽനിന്നുള്ള വിവരങ്ങൾ ഇതുവരെ ഡി.ജി.പിക്ക് കൈമാറിയിട്ടുമില്ല. ഇൗ സംഭവത്തിൽ ഡി.ജി.പി ക്ഷുഭിതനാണ്. അവിടെ നിന്നുള്ള വിവരങ്ങൾ കൈമാറുക തന്നെ വേണമെന്ന് ഡി.ജി.പി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
താനാണ് പൊലീസ് ആസ്ഥാനത്തിെൻറ മേധാവിയെന്നും തെൻറ അധികാരപരിധിയിലാണ് ടി ബ്രാഞ്ച് വരുന്നതെന്നും അതിനാൽ തെൻറ ഉത്തരവ് നടപ്പാക്കുക തന്നെ വേണമെന്നുമുള്ള നിലപാടിലാണ് ഡി.ജി.പി. എന്നാൽ ഡി.ജി.പിയായി ദിവസങ്ങൾമാത്രം ശേഷിക്കെ ഇത്തരത്തിലൊരു ഉത്തരവ് നടപ്പാക്കാൻ ശ്രമിക്കുന്നത് പല ഉദ്യോഗസ്ഥർക്കെതിരെയുമുള്ള നീക്കമാണെന്നാണ് പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥസംഘം ആരോപിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥരുടെ കേസുകളുമായി ബന്ധപ്പെട്ട ഫയലുകൾ, വിശദാംശങ്ങൾ എന്നിവ സൂക്ഷിക്കുന്നത് ടി ബ്രാഞ്ചിലാണ്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി, മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവരുൾപ്പെട്ട ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങളും ഇൗ സെക്ഷനിലുണ്ട്.
അതെല്ലാം സെൻകുമാറിെൻറ പക്കലെത്തിയാൽ അത് തങ്ങൾക്ക് ‘പാര’യാകുമെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥസംഘം ഇൗ ഫയലുകൾ കൈമാറാത്തത്. ഇൗ സെക്ഷനിൽ ഫയലുകൾ കൈകാര്യംചെയ്യുന്ന ചിലവ്യക്തികൾ പരസ്യമായി തന്നെ ഡി.ജി.പിക്ക് ഫയലുകൾ കൈമാറില്ലെന്ന് വ്യക്തമാക്കിയതായാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന വിവരം.
സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഡി.ജി.പിയായ സെൻകുമാർ ചുമതലയേറ്റത് മുതൽ പൊലീസ് ആസ്ഥാനത്ത് പ്രശ്നങ്ങൾ തുടങ്ങിയതാണ്.
സെൻകുമാറിനെ നിരീക്ഷിക്കാൻ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി ഉൾപ്പെടെ ഒരു ഉദ്യോഗസ്ഥവൃന്ദത്തെ തന്നെ പൊലീസ് ആസ്ഥാനത്ത് നിയോഗിക്കുകയും ചെയ്തിരുന്നു.
എന്നാൽ അവരുടെയെല്ലാം അറിവില്ലാതെ രഹസ്യമായി സ്ഥലംമാറ്റ ഉത്തരവ് ഉൾപ്പെടെ ഡി.ജി.പി പുറത്തിറക്കിയതിനെ ചൊല്ലിയുള്ള വിവാദങ്ങളാണ് ഇപ്പോഴും തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.