തലശ്ശേരി രൂപതക്ക് കീഴിൽ ഒന്നല്ല, മൂന്ന് ബി.ജെ.പി എം.പിമാർ; എന്നിട്ടും കർണാടകയിൽ റബറിന് രക്ഷയില്ല
text_fieldsമംഗളൂരു: റബർ വില കിലോക്ക് 300 രൂപയാക്കിയാൽ ഒരു ബി.ജെ.പി എം.പിയെ തരാമെന്ന വാഗ്ദാനത്തിലൂടെ വാർത്തയിൽ ഇടം പിടിച്ചിരിക്കുകയാണ് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. എന്നാൽ, പിന്തുണയുമായി ബി.ജെ.പിയുടെ പിന്നാലെ ചെല്ലുന്ന ആർച്ച് ബിഷപ്പ് വസ്തുതകൾക്ക് നേരെ കണ്ണടക്കുകയാണെന്നാണ് ആക്ഷേപം. ബിഷപ്പ് പാംപ്ലാനിക്ക് കീഴിലുള്ള കർണാടകയിലെ റബർ മേഖലയിൽ അൽമായരടക്കം വമ്പിച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്തയച്ച മൂന്ന് എം.പിമാരുണ്ടായിട്ടും അതിൽ ഒരാൾ കേന്ദ്രമന്ത്രിയായിട്ടും റബർവില ഇടിഞ്ഞുതന്നെ നിൽക്കുന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
രാജ്യത്ത് റബർ ഉൽപാദനത്തിൽ മൂന്നാം സ്ഥാനത്തുള്ള കർണാടകയിൽ ദക്ഷിണ കന്നട, ചിക്കമംഗളൂരു, കുടക് ജില്ലകളിലാണ് കൃഷി കാര്യമായി നടക്കുന്നത്. ദക്ഷിണ കന്നട ലോക്സഭ മണ്ഡലം മൂന്നാം തവണയും പ്രതിനിധാനം ചെയ്യുന്ന നളിൻ കുമാർ കട്ടീൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 2.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ മിഥുൻ റൈയെ പരാജയപ്പെടുത്തിയത്. ചിക്കമംഗളൂരു-ഉടുപ്പി ലോക്സഭ മണ്ഡലത്തിൽനിന്ന് രണ്ടാം തവണ വിജയിച്ച് കേന്ദ്രമന്ത്രിയായി ശോഭ കരന്ത്ലാജെ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3.50 ലക്ഷം വോട്ടുകളായിരുന്നു ഭൂരിപക്ഷം. കുടക് ജില്ലയുൾപ്പെട്ട മൈസൂരു ലോക്സഭ മണ്ഡലത്തിൽനിന്ന് രണ്ടാം തവണയാണ് പ്രതാപ് സിംഹ എം.പിയാവുന്നത്. 1.39 ലക്ഷമായിരുന്നു രണ്ടാംവട്ടം ഭൂരിപക്ഷം.
ഈ മൂന്നു മണ്ഡലങ്ങളും തലശ്ശേരി രൂപതയുടെ കീഴിൽ വരുന്നതാണ്. ദക്ഷിണ കന്നട, മൈസൂരു, കുടക് ജില്ലകളിലെ റബർ തോട്ടങ്ങളോ തൊഴിലാളികളോ ഭൂരിഭാഗവും മലയാളികളും കർണാടകയിൽ വോട്ടർമാരുമാണ്. മംഗളൂരുവിനടുത്ത ബെൽത്തങ്ങാടി മേഖലയിൽ നേരത്തെ കുടിയിറക്ക് ഭീഷണി നേരിട്ട മേഖലകളിലെ പ്രധാന കൃഷിയാണ് റബർ. ഉടമകളും തൊഴിലാളികളുമാകട്ടെ, കേരളത്തിൽ നിന്നുള്ള കുടിയേറ്റ കർഷകരും തലമുറകളായി കർണാടക സമ്മതിദായകരുമാണ്. ഇവരുടെയൊക്കെ ആശീർവാദത്തോടെ ബി.ജെ.പി മൂന്ന് എം.പിമാരെയും ഒരു കേന്ദ്രമന്ത്രിയെയും നേടിയിട്ടും റബർ വിലയിൽ അതൊന്നും ഏശിയതേയില്ല. ഇതറിയാതെയാണോ, അതോ അറിഞ്ഞിട്ടും മറച്ചുവെച്ചാണോ തലശ്ശേരി ആർച്ച് ബിഷപ്പ് ഇപ്പോൾ റബർ വില ഉയർത്തിക്കാട്ടി ബി.ജെ.പിക്ക് എം.പിയെ വാഗ്ദാനം ചെയ്യുന്നത് എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.