വോട്ടര്‍പട്ടികയില്‍ മാത്രമല്ല, പോസ്റ്റൽ ബാലറ്റിലും വൻ ക്രമക്കേട് –ചെന്നിത്തല
text_fieldsതിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ മാത്രമല്ല, പോസ്റ്റല്‍ ബാലറ്റിനുള്ള പട്ടികയിലും ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മരിച്ചവരുടെയും സമ്മതപത്രം നല്‍കാത്തവരുടെയും പേരുകള്‍ പോസ്റ്റല്‍ ബാലറ്റിനുള്ള പട്ടികയിൽ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ജനവിധി അട്ടിമറിക്കാൻ ആസൂത്രിതമായി സി.പി.എം നടത്തുന്ന ഗൂഢാലോചനയാണിതെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ലഭിച്ച അപ്രതീക്ഷിത വിജയത്തിെൻറ പ്രധാന കാരണം വോട്ടര്‍ പട്ടികയിലെ ക്രമക്കേടും വ്യാജ വോട്ടുകളുമാണെന്നും ബോധ്യമാവുകയാണ്. 80 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റായി സ്വീകരിക്കുകയാണ്. തിരുവനന്തപുരം സെന്‍ട്രലില്‍ പോസ്റ്റല്‍ വോട്ടിനുള്ള പട്ടികയിൽ മരിച്ച എട്ടുപേരുടെ പേരുണ്ട്. ഇതിൽ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കി. എട്ട് വർഷം മുമ്പ് മരിച്ചയാളുടെയും രണ്ടുവർഷം മുമ്പ് മരിച്ചയാളുടെയും പേരുകളും ലിസ്റ്റിലുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ സീല്‍ഡ് ബാലറ്റ് ബോക്സില്‍ അല്ല ശേഖരിക്കുന്നത്.
ഇവ കൊണ്ടുവെക്കുന്നതിന് സ്ട്രോങ് റൂമുമില്ല. ഇവ സൂക്ഷിക്കുന്ന പലയിടത്തും സി.സി.ടി.വിയില്ല. പൊലീസ് അസോസിയേഷന് പൊലീസുകാരുടെ വോട്ടിെൻറ കാര്യത്തില്‍ ഇടപെടുന്നുണ്ട്. വോട്ട് ചെയ്ത ശേഷം മൊബൈലില്‍ പകര്‍ത്തി അസോസിയേഷന് ഭാരവാഹികള്‍ക്ക് അയച്ചുകൊടുക്കണമെന്നാണ് നിര്‍ദേശം. യഥാർഥ വോട്ടർ ആരാണെന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത നിലയിലാണ് വോട്ടർപട്ടിക. കൃത്രിമം കണ്ടെത്തണമെങ്കിൽ വളരെ നാളത്തെ പരിശ്രമം വേണം.
മുഖ്യമന്ത്രി ഇൗ ആരോപണങ്ങളിൽ ഒരു വാക്ക് ഇതുവരെ മിണ്ടിയിട്ടില്ല. അദ്ദേഹത്തിെൻറ അറിവോടെയാണ് ഇത് നടന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ല. കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. അതിനെ അട്ടിമറിക്കാനാണ് ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.
വ്യാജവോട്ട് സംബന്ധിച്ച കേസിലെ ഹൈകോടതി നിർദേശം സ്വാഗതം ചെയ്യുന്നു. താൻ സമർപ്പിച്ച ഹരജി വളരെ ഗൗരവമുള്ളതെന്നാണ് ഹൈകോടതി നിരീക്ഷിച്ചതെന്നും ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.