മണിച്ചൻ മാത്രമല്ല; ജയിലിൽ 20 വർഷം കഴിഞ്ഞ തടവുകാർ ഏറെ
text_fieldsകാസർകോട്: ഇരുപത് വർഷത്തിലധികമായി ജയിലിൽ കഴിയുന്നവർ ഏറെയെന്ന് കണക്കുകൾ. 20 വർഷം തടവിൽ കഴിഞ്ഞുവെന്നപേരിൽ കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചനെ ജയിൽമോചിതനാക്കാൻ വഴിയൊരുങ്ങവേ പണവും സഹായിക്കാനാളും നിയമസഹായവുമില്ലാതെ തുടരുന്നവരാണിവർ. ചീമേനി തുറന്ന ജയിലിൽ ഒരാളും കണ്ണൂർ സെൻട്രൽ ജയിലിൽ നാലുപേരും ഉൾപ്പെടെ സംസ്ഥാനത്തെ ജയിലുകളിൽ നൂറിലേറെപേർ ജയിൽ ഉപദേശക സമിതിയുടെ മുന്നിലെത്താതെ കഴിയുന്നുണ്ട്.
ലക്ഷങ്ങൾ ചെലവഴിച്ച്, മണിച്ചനുവേണ്ടി കുടുംബം സുപ്രീംകോടതിവരെ സഞ്ചരിച്ചുവെങ്കിൽ പണമില്ലാത്തതിന്‍റെയും ഏറ്റെടുക്കാൻ ആളില്ലാത്തതിന്‍റെയും കാത്തിരിക്കാൻ കുടുംബമില്ലാത്തതിന്‍റെയും പേരിൽ ജയിലിനകത്ത് ദശാബ്ദങ്ങൾ പിന്നിടുന്നവർ ഏറെയുണ്ടെന്ന് ജയിൽ അധികൃതർ വ്യക്തമാക്കുന്നു.
31 പേർ മരിച്ച മദ്യദുരന്തമാണ് മണിച്ചനെ ജയിലിലാക്കിയത്. ഇതിലും കുറഞ്ഞ കുറ്റകൃത്യങ്ങൾ നടത്തി 20 വർഷം പിന്നിട്ടവർ ജയിലിലുണ്ട്. ഇവരിൽ പലർക്കും നിയമ പരിജ്ഞാനമില്ല, സഹായിക്കാൻ ആളുമില്ല. ലീഗൽ സർവിസ് അതോറിറ്റി ജയിലിൽവന്ന് ക്ലാസെടുക്കുന്നുണ്ടെങ്കിലും ആ ക്ലാസിൽ ഇരിക്കാൻപോലും പലരും തയാറാകാറില്ല. ജയിൽ ഉപദേശക സമിതിയിലേക്ക് സാമൂഹിക നീതി വകുപ്പ് സമർപ്പിക്കുന്ന റിപ്പോർട്ടുകൾ പലതും വിട്ടയക്കപ്പെടുന്ന തടവുകാർക്ക് എതിരാണ്. സമൂഹത്തിൽ അവരെ സ്വീകരിക്കാൻ ആളില്ല-ജയിൽ അധികൃതർ പറയുന്നു. കീഴ്കോടതിയുടെ ശിക്ഷയിൽതന്നെ തുടരുന്നവർ ഉണ്ട്. ഇതിനെതിരെ അപ്പീൽ നൽകാൻപോലും പലർക്കും കഴിയാറില്ല. ജയിൽ മോചനത്തിനുള്ള അപ്പീൽ സുപ്രീംകോടതി മാത്രമേ പരിഗണിക്കുകയുള്ളൂവെന്നതിനാൽ അതിനും ദരിദ്ര തടവുകാർക്ക് ആളുണ്ടാവില്ല.
വധശിക്ഷക്ക് വിധിക്കപ്പെട്ടവരും ക്വട്ടേഷൻ, ബലാത്സംഗം, പോക്സോ, കള്ളക്കടത്ത്, സ്ത്രീധന പീഡനം എന്നീ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരും ജയിൽ ഉപദേശക സമിതിയുടെ പരിഗണനയിലേക്ക് എത്തില്ല. ഇത്തരം കുറ്റകൃത്യങ്ങളിലെ ശിക്ഷ അപ്പീൽ വഴി കുറച്ചുകൊണ്ടുവന്ന് ജയിൽ ഉപദേശകസമിതിയിലെത്തിച്ച് പുറത്തേക്കുള്ള വഴി തേടുകയെന്നത് ശ്രമകരമാണ്. എന്നാൽ, മണിച്ചനെപോലുള്ള സമ്പന്നർക്ക് അത് എളുപ്പത്തിൽ കഴിയുന്നു. ഇത്തരം മോചനങ്ങളുടെ പിന്നിൽ നിയമത്തിന്‍റെ ഇരട്ടത്താപ്പും വ്യക്തമാവുകയാണ്. സംസ്ഥാന സർക്കാറിന് നേരിട്ട് ഇളവുനൽകാൻ പ്രയാസമുള്ള കേസുകൾ കോടതിയിലേക്ക് തള്ളിവിട്ടാൽ കാര്യങ്ങൾ എളുപ്പമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.