സ്വകാര്യത സംരക്ഷിക്കാൻ സർക്കാറിനു മാത്രമല്ല, മാധ്യമങ്ങൾക്കും ബാധ്യത -ഹൈകോടതി
text_fieldsകൊച്ചി: സ്വകാര്യത അവകാശം സംരക്ഷിക്കാൻ സർക്കാറിനു മാത്രമല്ല, മാധ്യമങ്ങൾക്കും ബാധ്യതയുണ്ടെന്ന് ഹൈകോടതി. സ്വകാര്യതയെന്നത് മൗലികാവകാശമാണ്. പുട്ട സ്വാമി കേസിൽ സുപ്രീംകോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്. വിവിധ കേസുകളിൽ കോടതികൾ വാക്കാൽ നടത്തുന്ന പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ജാഗ്രത പാലിക്കണം.
അക്കാദമിക് വിഷയങ്ങളിൽ ഇടപെടുമ്പോൾ കോടതികളുടെ ഭാഗത്തുനിന്ന് ജാഗ്രത വേണ്ടതുണ്ടെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കണ്ണൂർ സർവകലാശാലയിലെ അസോ. പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരെ പ്രിയ വർഗീസ് നൽകിയ അപ്പീലിലെ ഉത്തരവിലാണ് പരാമർശം.അപ്പീൽ ഹരജി സിംഗിൾബെഞ്ച് പരിഗണിക്കവെ ബെഞ്ച് വാക്കാൽ നടത്തിയ ചില പരാമർശങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
കോടതികളിൽ കേസ് പരിഗണിക്കുന്നതിനിടെ ജഡ്ജി നടത്തുന്ന പരാമർശങ്ങളെല്ലാം അദ്ദേഹത്തിന്റെ നിലപാടായിരിക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. വ്യവഹാരികളുടെ അന്തസ്സിനെ ബാധിക്കുന്നതൊന്നും മാധ്യമ റിപ്പോർട്ടുകളിൽ പാടില്ല. ഈ ഉത്തരവാദിത്തം മാധ്യമങ്ങൾ പ്രകടിപ്പിക്കണം. ഇത്തരമൊരു പെരുമാറ്റമാണ് ഭാവിയിൽ മാധ്യമങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.