‘മന്ത്രി മാത്രമല്ല, ഇവിടെ മന്ത്രിസഭയുണ്ട്’; ഗണേഷ് കുമാറിനെ തള്ളി സി.പി.എം
text_fieldsതിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ തള്ളി സി.പി.എം. ഇ-ബസുകൾ ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രിയുടെ നിലപാടുകളാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളിയത്.
ഗതാഗതമന്ത്രി മാത്രമല്ല, ഇവിടെ മന്ത്രിസഭയുണ്ടെന്നും ജനങ്ങൾക്ക് കിട്ടുന്ന ഒരു സേവനവും നിർത്തില്ലെന്നുമായിരുന്നു ഗോവിന്ദന്‍റെ വാർത്തസമ്മേളനത്തിലെ പ്രതികരണം. ഇലക്ട്രിക് ബസ് നയപരമായ തീരുമാനമാണ്. ആശ്വാസകരമായ ഒരു സേവനവും പിൻവലിക്കില്ല. മന്ത്രി പറഞ്ഞ കാര്യങ്ങൾ പരിശോധിക്കും. എന്നാൽ, സേവനങ്ങൾ ഇല്ലാതാക്കുന്നത് സർക്കാർ നിലപാടല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലക്ട്രിക് ബസുകൾ വ്യാപകമാക്കുക എന്നത് സർക്കാർ നയമാണെന്ന് ആവർത്തിച്ചതിലൂടെ ഇ-ബസിൽ ഗണേഷ് കുമാർ സർക്കാർ നയത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചെന്നാണ് സംസ്ഥാന സെക്രട്ടറി പറയാതെ പറഞ്ഞത്. ഇ-ബസുകൾ ആരംഭിച്ചത് മുഖ്യമന്ത്രിയും മുൻ ഗതാഗത മന്ത്രിയും അഭിമാന നീക്കമായി അവകാശപ്പെടുമ്പോൾ ഗണേഷ് കുമാർ പരസ്യമായി എതിർത്തത് മുന്നണിക്കുള്ളിൽ കല്ലുകടിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.