സ്വകാര്യ മൂലധനത്തെ എതിർത്തിട്ടില്ല -എം.വി. ഗോവിന്ദൻ
text_fieldsപാലക്കാട്: സ്വകാര്യമേഖലയെ സി.പി.എം എതിർത്തിട്ടില്ലെന്നും ഇ.എം.എസിന്റെ കാലം മുതൽ സ്വകാര്യമേഖലയുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആഗോളവത്കരണത്തെയാണ് എതിർത്തതെന്നും സ്വകാര്യ മൂലധനത്തെയല്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ചിറ്റൂരിൽ കേരള എൻ.ജി.ഒ യൂനിയൻ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി. ഗോവിന്ദൻ. സ്വകാര്യ മൂലധനത്തെ ഞങ്ങൾ അന്നും എതിർത്തിട്ടില്ല, ഇന്നും എതിർത്തിട്ടില്ല, ഇനിയും എതിർക്കില്ല. ബജറ്റിൽ സ്വകാര്യ മേഖലയിൽ ഊന്നൽ നൽകിയെന്നതാണ് പുതിയ ആരോപണം. ഇതൊരു മുതലാളിത്ത സമൂഹമാണ്.
പിണറായി വിജയന് ഭരണം നടത്തുന്നതിനാൽ ഇതൊരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന് തെറ്റിദ്ധരിക്കേണ്ട. സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സമ രം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ സർവകലാശാല വേണ്ടെന്ന് എസ്.എഫ്.ഐ
ചാത്തമംഗലം (കോഴിക്കോട്): ബജറ്റിൽ പ്രഖ്യാപിച്ച വിദേശ സർവകലാശാല സംസ്ഥാനത്ത് വേണ്ടെന്ന് എസ്.എഫ്.ഐ. വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ ആശങ്കയുണ്ടെന്നും സർക്കാറിനെ അറിയിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ പറഞ്ഞു. ഗോദ്സെയെ പ്രകീർത്തിച്ച എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന്റെ രാജിയാവശ്യപ്പെട്ട് നടന്ന മാർച്ചിനെത്തിയ അനുശ്രീ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
സ്വകാര്യ സർവകലാശാലകൾ സർക്കാർ നിയന്ത്രണത്തിലായിരിക്കണം. വിദേശ സർവകലാശാലകളെ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.