ബോർഡ് സ്ഥാനങ്ങളിൽ പ്രതിനിധികളായില്ല; ഐ.എൻ.എല്ലിൽ വീണ്ടും പ്രതിസന്ധി
text_fieldsകോഴിക്കോട്: ആറുമാസമായി പ്രവർത്തക സമിതി യോഗം ചേരാനാകാത്തത് കാരണം തങ്ങൾക്ക് ലഭിച്ച ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിൽ പ്രതിനിധികളെ നിശ്ചയിക്കാൻ കഴിയാതെ ഐ.എൻ.എൽ. ദേശീയ കമ്മിറ്റിയുടെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് ഒരുവിഭാഗം.
നേരത്തേ ഇരുവിഭാഗത്തെയും ഒന്നിപ്പിക്കാൻ അനുരഞ്ജന ശ്രമത്തിന് ഇറങ്ങിയിരുന്ന കാന്തപുരം അബൂബക്കർ മുസ്ലിയാർ കൈയൊഴിഞ്ഞതോടെ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണ് പാർട്ടി. 2018ൽ നിലവിൽവന്ന കമ്മിറ്റിയുടെ കാലാവധി 2021 മാർച്ച് 20ന് അവസാനിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 25നാണ് പാർട്ടിയുടെ അവസാന പ്രവർത്തക സമിതി യോഗം എറണാകുളത്ത് കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. പിളർപ്പിന്റെ വക്കിലെത്തിയ പാർട്ടി നേതൃത്വം മധ്യസ്ഥരുടെ ഇടപെടലിൽ ഒന്നായെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായില്ല.
ഇതിനിടയിൽ ഇടതുമുന്നണിയിൽ ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളുടെ വീതംവെപ്പുണ്ടായപ്പോൾ സീതാറാം മിൽ ചെയർമാൻ സ്ഥാനമാണ് ഐ.എൻ.എല്ലിന് ലഭിച്ചത്. കഴിഞ്ഞതവണ ലഭിച്ച ന്യൂനപക്ഷ വികസന കോർപറേഷൻ അധ്യക്ഷ സ്ഥാനം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് നൽകിയത് പാർട്ടിക്ക് തിരിച്ചടിയായി. എന്നാൽ, ലഭിച്ച സ്ഥാനത്തേക്കുതന്നെ ചെയർമാനെ നിർദേശിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. വൈസ് പ്രസിഡന്റ് ഡോ. എ.എ. അമീൻ, സെക്രട്ടറി എം.എ. ലത്തീഫ് എന്നിവരിലൊരാളെയാണ് പരിഗണിക്കുന്നതെന്ന് അറിയുന്നു.
കെ.ടി.ഡി.സി, മാരിടൈം ബോർഡ്, നാളികേര വികസന കോർപറേഷൻ, ന്യൂനപക്ഷ വികസന കോർപറേഷൻ അംഗങ്ങളെ നിശ്ചയിക്കാനും സാധിച്ചിട്ടില്ല. നിർദേശിക്കപ്പെട്ട പേരുകൾ അംഗീകരിക്കാൻ പ്രവർത്തക സമിതി ചേരണം. അടിയന്തരമായി പ്രവർത്തക സമിതി ചേരാൻ ദേശീയ പ്രസിഡന്റിന്റെ നിർദേശമുണ്ടായിട്ടും പാലിക്കപ്പെട്ടില്ല. മെംബർഷിപ് കാമ്പയിൻ പൂർത്തിയാക്കി ഡിസംബർ 31ന് മുമ്പ് കമ്മിറ്റികൾ നിലവിൽ വരണമെന്ന നിർദേശവും ലംഘിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.