'രാഷ്ട്രീയപ്രവർത്തകനല്ല, രാഷ്ട്രസേവകൻ മാത്രം'; ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല -ഇ. ശ്രീധരൻ
text_fieldsപൊന്നാനി: താൻ രാഷ്ട്രീയപ്രവർത്തകനല്ലെന്നും രാഷ്ട്രസേവകൻ മാത്രമാണെന്നും നിയമസഭ തെരഞ്ഞടുപ്പിൽ പാലക്കാട് തോറ്റ ബി.ജെ.പി സ്ഥാനാർഥി മെട്രോമാൻ ഇ. ശരീധരൻ. ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. പരാജയത്തിൽ നിരാശയില്ല. പലതും പഠിക്കാനായി. സജീവ രാഷ്ട്രീത്തിൽ ഇനി ഉണ്ടാവില്ല. ബി.ജെ.പിയുടെ പ്രത്യേക ക്ഷണിതാവായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊന്നാനിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീധരൻ.
'രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാവില്ല. ആ കാലം കഴിഞ്ഞു. പലര്‍ക്കും അറിയില്ല എനിക്ക് വയസ്സ് 90 ആയി. ഈ വയസ്സില്‍ രാഷ്ട്രീയത്തിലേക്ക് കയറിച്ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണ്. എന്നാല്‍ ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന തോന്നലില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ആദ്യം നിരാശ തോന്നിയിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ തോറ്റതിൽ നിരാശയില്ല. ഞാൻ എംഎല്‍എയായി വന്നത് കൊണ്ട് ഒരു മാറ്റവും സംഭവിക്കില്ല. അധികാരം കിട്ടാതെ ഒരു എംഎല്‍എയെക്കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ല' - ഡി.എം.ആർ.സി മുൻ ഉപദേഷ്ടാവ് കുടിയായ ഇ. ശ്രീധരൻ പറഞ്ഞു.
സംസ്ഥാനത്ത് നടപ്പാക്കാൻ ഒരുങ്ങുന്ന സിൽവർ ലൈൻ പദ്ധതിയെയും ഇ ശ്രീധരൻ വിമർശിച്ചു. 'സിൽവർ ലൈൻ പദ്ധതി നാടിന് ഗുണകരമാകില്ല. പദ്ധതി ആസൂത്രണത്തിൽ ഗുരുതര പിഴവുകളുണ്ട്, അത് അറിവില്ലായ്മ കൊണ്ടാകാം. പുനരാസൂത്രണം വേണം. മികച്ച പദ്ധതിയെങ്കിൽ കൂടെ നിൽക്കുമായിരുന്നു. പദ്ധതി നിശ്ചിത കാലയളവിൽ പൂർത്തീകരിക്കാനാകില്ല. പദ്ധതിയിൽ തന്‍റെ അഭിപ്രായം തേടിയിട്ടില്ല. ഒരു തരത്തിലും ഇടപെടുത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്' -അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്നു ശ്രീധരൻ. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസം ഇ. ശ്രീധരൻ പങ്കുവെച്ചിരുന്നു. ബി.ജെ.പി കേരളത്തിൽ അധികാരത്തിലേറുമെന്നും അദ്ദേഹം വിലയിരുത്തിയിരുന്നു. എന്നാൽ, 3840 വോട്ടിന് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലാണ് ശ്രീധരനെ പരാജയപ്പെടുത്തിയത്.
'ഞാൻ തീർച്ചയായും വിജയിക്കും. ബി.ജെ.പി ഏറ്റവും ചുരുങ്ങിയത് 40 സീറ്റെങ്കിലും സ്വന്തമാക്കും. അത് 75 വരെെയത്താം' -തെരഞ്ഞെടുപ്പിന് മുമ്പ് ഒരു അഭിമുഖത്തിൽ ഇ. ശ്രീധരൻ പറഞ്ഞിരുന്നു. 'അധികാരം പിടിക്കാൻ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ച മികച്ച അവസരമാണിത്. അതില്ലെങ്കിൽ കിങ്മേക്കറെങ്കിലും ആകും. കേരളം ആരു ഭരിക്കണമെന്ന് ബി.ജെ.പി തീരുമാനിക്കും. അത്രക്ക് വലിയതോതിലുള്ള കൂറുമാറ്റമാണ് ബി.ജെ.പിയിലേക്ക്. പാർട്ടി പ്രതിഛായ തീർത്തും വ്യത്യസ്തമാണിപ്പോൾ. ഞാൻ പാർട്ടിെക്കാപ്പം ചേർന്നതോടെ പ്രത്യേകിച്ചും. പ്രശസ്തിയും കഴിവും പെരുമയും മേളിച്ച എന്നെ പോലെ ഒരാളെ ലഭിച്ചതോടെ ആളുകൾ ബി.ജെ.പിയിൽ കൂട്ടമായി ചേരുകയാണ്'
മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനിക്കുമെന്നും അതുവേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു മെട്രോമാന്‍റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.