മതാചാരത്തിനെതിരെ പ്രതികരിച്ചതിന് യുവതിക്കും കുടുംബത്തിനും വധഭീഷണിയുള്ളതായി പരാതി
text_fields
നാദാപുരം: ഇസ്ലാം മതാചാരത്തിന് വിരുദ്ധമായി സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും നവമാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്തതിന് യുവതിക്കും കുടുംബത്തിനും വധഭീഷണിയും സാമൂഹിക മാധ്യമങ്ങളില്‍ കൂടി തെറിയഭിഷേകവും ഉള്ളതായി പരാതി. ബംഗളൂരുവില്‍ നിയമവിദ്യാര്‍ഥിനിയായ നാദാപുരം ചാലപ്പുറത്തെ അസ്നിയ അഷ്മിനാണ് നാദപുരം പൊലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്‍റ് ഷാജഹാന്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. അസ്നിയയുടെ ഫേസ്ബുക് പോസ്റ്റും ഇതിനെതിരെയുള്ള പോസ്റ്റുകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്തിനൊടുവിലാണ് പരാതിയുമായി അസ്നിയ ഇന്നലെ നാദാപുരം പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
അസ്നിയയുടെ പിതാവ് അമ്മദ് നാദാപുരം ടൗണില്‍ ചുമട്ടുതൊഴിലാളിയാണ്. നെറ്റിയില്‍ പൊട്ടുതൊട്ട് സഹപാഠികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രവും മതാചാരങ്ങള്‍ക്കെതിരെയുള്ള ചില പ്രതികരണവുമായാണ് അസ്നിയ പോസ്റ്റിട്ടത്. ഇതിനെതിരെ പ്രകോപനമായ രീതിയില്‍ എതിര്‍ പോസ്റ്റുകളും വന്നു. തട്ടമിടാതെ തിരുവാതിര കളിച്ചതിന് തന്നെ മദ്രസയില്‍നിന്ന് പുറത്താക്കിയ ദിവസമാണ് താന്‍ ഏറ്റവും സന്തോഷിച്ചതെന്ന് അസ്നിയ പോസ്റ്റില്‍ പറയുന്നു. അസ്നിയയുടെ സഹപാഠികളെ ജാതിവിളിച്ച് അവഹേളിച്ചതായും പരാതിയില്‍ പറയുന്നു. അസ്നിയയെ അനുകൂലിച്ചും എതിര്‍ത്തും പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത് പ്രദേശത്ത് ചേരിതിരിവിനിടയാക്കുമോ എന്നാണ് ആശങ്ക. പ്രശ്നത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാതെ അവഗണിക്കുകയാണ് വേണ്ടതെന്നും പ്രകോപനങ്ങള്‍ക്ക് പ്രസക്തിയില്ളെന്നുമാണ് നാദാപുരത്തുകാരുടെ പ്രതികരണം. അവസരം മുതലെടുത്ത് വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നവര്‍ക്കെതിരെ കരുതിയിരിക്കണമെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.