നിരക്ക് കൂട്ടാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ബസുടമകൾ; പിടിവാശി ബസുടമകൾക്കെന്ന് മന്ത്രി
text_fieldsപാലക്കാട്: യാത്രാ നിരക്ക് കൂട്ടാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് സ്വകാര്യ ബസുടമകൾ. സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും ബസുടമകളെ ചർച്ചക്ക് വിളിക്കാൻ പോലും സർക്കാർ തയാറായിട്ടില്ല. ഗതികേട് കൊണ്ടാണ് സമരം നടത്തുന്നതെന്നും സർക്കാറിനോടുള്ള ഏറ്റുമുട്ടലല്ലെന്നും ആൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ പ്രതിനിധികള്‍ വ്യക്തമാക്കി.
സമരം അതിജീവന പോരാട്ടമാണ്. സർക്കാറിനോട് ഏറ്റുമുട്ടുന്നുവെന്ന് പറഞ്ഞ് തങ്ങളെ ജനവിരുദ്ധരായാണ് മന്ത്രി ചിത്രീകരിക്കുന്നതെന്നും ബസുടമകള്‍ കൂട്ടിച്ചേര്‍ത്തു. ഗതാഗതവകുപ്പ് മന്ത്രിയുടെ പിടിവാശി കൊണ്ടുണ്ടായ സമരമാണിതെന്നും മന്ത്രിക്ക് ചിറ്റമ്മ നയമാണെന്നും ബസുടമകള്‍ ആരോപിച്ചു. സമര ദിവസങ്ങളിൽ കെ.എസ്.ആര്‍.ടി.സിയിൽ വിദ്യാർഥികൾക്ക് കൺസഷൻ ടിക്കറ്റിൽ എന്തുകൊണ്ട് സർക്കാർ യാത്ര അനുവദിക്കുന്നില്ല, മന്ത്രി അതിന് തയാറാകണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.
അതേസമയം, ബസുടമകളുടെ സംഘടനയിലെ ചില നേതാക്കള്‍ക്കാണ് പിടിവാശിയെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. എല്‍.ഡി.എഫ് യോഗത്തിന് ശേഷം തീരുമാനം അറിയിക്കാമെന്ന് നേരത്തെ പറഞ്ഞതാണ്. എന്നിട്ടും എന്തിനാണ് സമരമെന്നും മന്ത്രി ചോദിച്ചു. നേതാക്കള്‍ പിടിവാശി ഉപേക്ഷിച്ച് സമരം പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ബസുടമകള്‍ ആദ്യം പ്രഖ്യാപിച്ചത് അവസാനത്തെ സമരമാര്‍ഗമാണ്. സമരത്തിന് പിന്നിലെ ലക്ഷ്യം വേറെയാണെന്നും തങ്ങൾ സമരം ചെയ്തിട്ടാണ് നിരക്ക് കൂട്ടിയത് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണെന്നും മന്ത്രി ആരോപിച്ചു. സമരം സർക്കാരിനെതിരെയല്ല, ജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമെതിരെയാണ്. നിലവില്‍ ബസുടമകൾക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.