നോട്ട് അസാധുവാക്കൽ: പാലിനും പ്രതിഫലം ചെക്ക്
text_fieldsകണ്ണൂര്‍: കുടിയേറ്റ ജനത മണ്ണില്‍ പൊന്നുവിളയിച്ച് വളര്‍ന്നവരായിരുന്നു. ഇന്നിപ്പോള്‍ പൊന്നും പണവും ഇല്ലാതെ പരിഭവത്തിന്‍െറ കാര്‍മേഘമാണെങ്ങും. മലബാറിലെ കുടിയേറ്റ ചരിത്രത്തില്‍ എന്നും മാതൃകയായിരുന്ന കണ്ണൂര്‍ ജില്ലയിലെ മലയോരം കഴിഞ്ഞ ഒരുമാസമായി നിദ്രയിലാണ്. മലയോര കമ്പോളങ്ങളായ കേളകം, പേരാവൂര്‍, ഇരിട്ടി, ശ്രീകണ്ഠപുരം, നടുവില്‍, തളിപ്പറമ്പ്, ചെമ്പേരി, ഇരിക്കൂര്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം കച്ചവടമാന്ദ്യം പിടിമുറുക്കി. രാവിലെ ഏഴരമുതല്‍ രാത്രി ഒമ്പതുവരെ ബഹളമയമായിരുന്ന കുടിയേറ്റ കമ്പോളങ്ങള്‍ ആലസ്യത്തിലായി. രണ്ടും മൂന്നും മണിക്കൂര്‍ വൈകി തുറക്കുന്ന കടകള്‍ രാത്രി ഏഴരക്കകം അടച്ചുപൂട്ടപ്പെടുന്നു.
കുടിയേറ്റ ജനതയുടെ നട്ടെല്ലാണ് റബര്‍ കൃഷി. മലയോര ആസ്ഥാനമായ ഇരിട്ടി ടൗണിലെ അരഡസനോളം റബര്‍ സംഭരണ കടകള്‍ ഇപ്പോള്‍ ശൂന്യമാണ്. പണമില്ല, പകരം ചെക്ക് നല്‍കുന്നു. ചെക്കുമായി കര്‍ഷകന്‍ ബാങ്കിന് മുന്നിലത്തെി വിലപിക്കുന്നു. റബര്‍ടാപ്പിങ് നടത്തേണ്ടത് പണമില്ലാത്ത കമ്പോളത്തിന് വേണ്ടിയാണല്ളോ എന്നോര്‍ത്ത് മടിച്ചുനില്‍ക്കുകയാണ് കര്‍ഷകന്‍. നെല്‍കൃഷിയുടെ രണ്ടാം വിളക്ക് വളം വില്‍ക്കേണ്ട ഡിപ്പോകളും വ്യാപാരമില്ലാതെ നിശ്ചലമാണ്. റബര്‍ വിലയില്‍ നേരിയ മാറ്റമുണ്ടായെങ്കിലും കൊട്ടടക്ക ഉള്‍പ്പെടെ മറ്റ് ഉല്‍പന്നങ്ങളുടെ വിലയിടിയുകയാണ്. കൊട്ടടക്കയുടെ വില കഴിഞ്ഞ ഒരുമാസത്തിനിടെ പാതിയായി കുറഞ്ഞു. അയല്‍ സംസ്ഥാനത്തെ ആവശ്യക്കാര്‍ വിട്ടുനില്‍ക്കുന്നതാണ് വിലയിടിവ് തുടരാന്‍ കാരണം. ടാപ്പിങ് തൊഴിലാളികള്‍ക്ക് കൃത്യമായി കൂലി നല്‍കാനാവാത്തതിനാല്‍ റബര്‍ തോട്ടങ്ങളിലും ഉല്‍പാദനം ഗണ്യമായി കുറഞ്ഞു.
ക്ഷീരകര്‍ഷകനെന്നാല്‍ ഒരു കുടുംബത്തിന്‍െറ പെണ്‍കരുത്തുകൂടി ഉള്‍പ്പെടുന്ന തൊഴില്‍മേഖലയാണ്. കണ്ണൂര്‍ ജില്ലയിലെ ക്ഷീരകര്‍ഷകരുടെ കണ്ണീരറിയാന്‍ കേളകത്തും കൊട്ടിയൂരിലും ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ മതി. ക്ഷീര സഹകരണസംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് പാലിന്‍െറ വിലയും പണമായി നല്‍കാതെ ചെക്കുകളായാണ് നല്‍കുന്നത്.ഇതുമൂലം നൂറുകണക്കിന് കര്‍ഷകര്‍ ക്ഷീര മേഖലയില്‍നിന്ന് വിട്ടുതുടങ്ങി.
പാല്‍ അളന്നു നല്‍കുന്നവന്‍െറ പേരില്‍ കിട്ടുന്ന ചെക്ക് കാലിത്തീറ്റ വില്‍ക്കുന്ന കടക്കാരന്‍ ജാമ്യമായിട്ടുപോലും സ്വീകരിക്കുന്നില്ല. മനുഷ്യനോട് പട്ടിണി കിടക്കാന്‍ പറയാം. കാലിയോട് തീറ്റ ഉപേക്ഷിക്കാന്‍ പറയാനാവുമോ? -ക്ഷീരകര്‍ഷകന്‍െറ ഈ ചോദ്യം ഗ്രാമത്തിന്‍െറ യഥാര്‍ഥ നെഞ്ചിടിപ്പായി നമുക്ക് മുന്നില്‍ ഉയര്‍ന്നുനില്‍ക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.