ഇക്കുറി അടികിട്ടിയത് തിരക്കുഭയന്ന് മാറിനിന്ന വയോജനങ്ങളടക്കമുള്ളവര്‍ക്ക്
text_fieldsകൊച്ചി: കേന്ദ്രസര്‍ക്കാറില്‍നിന്ന് നോട്ടുമാറ്റത്തിന്‍െറ പേരില്‍ ഇക്കുറി അടികിട്ടിയത് തിരക്കുഭയന്ന് മാറിനിന്ന വയോജനങ്ങള്‍ക്ക്. സ്വന്തമായി അക്കൗണ്ടില്ലാത്ത വീട്ടുജോലിക്കാരും കൂലിപ്പണിക്കാരുമടക്കമുള്ളവര്‍ ഇനി തങ്ങളുടെ പണം മാറാന്‍ മറ്റുള്ളവരുടെ കാരുണ്യം തേടേണ്ടിവരും. ആദായനികുതി ഭീതിയില്‍ അക്കൗണ്ടുള്ളവര്‍ അതിന് മുതിരുകയുമില്ല.
അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ഡിസംബര്‍ 30വരെ നല്‍കിയിരുന്ന സമയം അപ്രതീക്ഷിതമായി പിന്‍വലിച്ചതോടെയാണ് വൃദ്ധരടക്കമുള്ളവര്‍ വെട്ടിലായത്. നോട്ടുകള്‍ അസാധുവാക്കിയശേഷം ബാങ്കുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ച നവംബര്‍ 10മുതല്‍ ബാങ്കുകള്‍ക്കുമുന്നില്‍ അന്തമില്ലാത്ത ക്യൂവായിരുന്നു. വരിയുടെ നീളം കൂടിയതോടെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ക്കാപ്പുറത്ത് മറ്റൊരു അടികൂടി നല്‍കി. മാറ്റിയെടുക്കാവുന്ന പണത്തിന്‍െറ അളവ് നേര്‍പകുതിയാക്കി കുറച്ചിരുന്നു. അതിനുപിന്നാലെയാണ് സമയം വെട്ടിക്കുറച്ചതും.
പ്രായം ചെന്നവടക്കമുള്ളവര്‍ ചികിത്സാ ചെലവിനും മറ്റും സൂക്ഷിച്ചുവെച്ച പണം മാറിയെടുക്കുന്നതിനായി ബാങ്കുകള്‍ക്കുമുന്നില്‍ മണിക്കൂറുകള്‍ വരിനിന്ന് കുഴഞ്ഞിരുന്നു. ഈ കഷ്ടപ്പാട് കണ്ടറിഞ്ഞ് ബാങ്കേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ ശനിയാഴ്ച മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായി സേവനം നിജപ്പെടുത്തുന്ന സ്ഥിതിവരെയുണ്ടായി. ബാങ്കിനുമുന്നിലെ അവസാനിക്കാത്ത വരി കണ്ട് ഭയന്ന, തിരക്കൊഴിഞ്ഞശേഷം പണം മാറിയെടുക്കാമെന്ന പ്രതീക്ഷയില്‍ മാറിനിന്നവര്‍ക്കാണ് ഇപ്പോള്‍ മറ്റൊരടികൂടി ലഭിച്ചത്.
വീട്ടുജോലിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങി ഒട്ടേറെപേര്‍ക്ക് സ്വന്തമായി അക്കൗണ്ടില്ല. പലര്‍ക്കും മണിക്കൂറുകളോളം ബാങ്കിനുമുന്നില്‍ ക്യൂനില്‍ക്കാന്‍ കഴിയുംവിധം ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള സാഹചര്യവുമുണ്ടായിരുന്നില്ല. ഡിസംബര്‍ 30നുമുമ്പ് തിരക്ക് കുറയുമെന്നും അപ്പോള്‍ സൗകര്യമായി പണം മാറിയെടുക്കാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ഇവര്‍. ഇങ്ങനെയുള്ളവരുടെ കൈയില്‍ അവശേഷിക്കുന്ന പണം മാറിയെടുക്കണമെങ്കില്‍ ഇനി അക്കൗണ്ടുള്ളവര്‍ കനിയണം. എന്നാല്‍, ഇത്തരത്തില്‍ മറ്റുള്ളവരുടെ പണം സ്വന്തം അക്കൗണ്ടിലൂടെ മാറ്റിനല്‍കുന്നതിനെതിരെ ആദായനികുതി ഉള്‍പ്പെടെ വകുപ്പുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജനയുടെ കീഴില്‍ സീറോ ബാലന്‍സ് അടിസ്ഥാനത്തില്‍ അക്കൗണ്ട് തുടങ്ങാന്‍ എല്ലാവര്‍ക്കും അവസരം നല്‍കിയിരുന്നെന്നും ഇത് ഉപയോഗപ്പെടുത്താത്തവരാണ് ഇപ്പോള്‍ കുടുങ്ങിയതെന്നുമാണ് ബാങ്ക് അധികൃതരുടെ ന്യായീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.