മൊബൈൽ അതിപ്രസരം പഠനത്തെ ബാധിച്ചെന്ന് കുറിപ്പ്; പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ
text_fieldsകല്ലമ്പലം: പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. യൂട്യൂബിൽ മ്യൂസിക് ബാൻഡുകളോടുള്ള അമിത താൽപര്യം പഠനത്തെ ബാധിച്ചെന്ന് ആത്മഹത്യക്കുറിപ്പ്. നാവായിക്കുളം വെട്ടിയറ മാടൻ തമ്പുരാൻ ക്ഷേത്രത്തിനു സമീപം ചിറവിള പുത്തൻ വീട്ടിൽ പരേതനായ ജയമോഹനന്‍റെയും ശ്രീജയുടെയും മകൾ ഗൗരി എന്ന ജീവ മോഹനെയാണ് (16) ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
സബ് രജിസ്ട്രാർ ഓഫിസ് ജീവനക്കാരിയായ മാതാവ് ജോലിക്ക് പോയ സമയത്താണ് സംഭവം. ജീവ കതക് അടച്ചിരുന്നത് മുത്തച്ഛനും മുത്തശ്ശിയും ശ്രദ്ധിച്ചെങ്കിലും പഠിക്കുകയായിരിക്കുമെന്നാണ് കരുതിയത്. സഹോദരി അഞ്ചാം ക്ലാസ് വിദ്യാർഥിനി ജിത മോഹൻ ട്യൂഷനുപോയി മടങ്ങിവന്ന് വാതിലിൽ മുട്ടി വിളിച്ചിട്ടും കതക് തുറക്കാത്തതിനാൽ സംശയം തോന്നി അയൽവാസികളെയും സമീപത്തുള്ള ബന്ധുവിനെയും വിവരം അറിയിച്ചു. ജനൽ ചില്ല് തകർത്ത് നോക്കിയപ്പോഴാണ് ജീവയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഉടൻ നാട്ടുകാർ വാർഡ് മെംബറെയും കല്ലമ്പലം പൊലീസിലും വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്. പഠനത്തിൽ മിടുക്കിയായിരുന്ന ജീവ 10ാം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. ഇതിനുശേഷം മൊബൈൽ ഫോണിൽ കൊറിയൻ സംഗീത സംഘത്തിന്‍റെ ബി.ടി.എസ് ആർമി മ്യൂസിക് ബാൻഡ് പ്രോഗ്രാം കൂടുതലായി കണ്ടിരുന്നു. ഇതിൽ അമിതമായി സമയം ചെലവഴിച്ചത് പഠനത്തെ ബാധിച്ചു. പരീക്ഷകളിൽ മാർക്ക് വളരെ കുറയുകയും ചെയ്തു.
പഠനത്തിൽ പിന്നോട്ടായെന്ന തിരിച്ചറിവ് മനോ സംഘർഷമുണ്ടാക്കി. ഇതാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. മടവൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടു വളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.