'ജനത്തെ വിശ്വാസത്തിലെടുത്തല്ലാതെ ഒന്നും വിജയകരമായി നടപ്പാക്കാനാകില്ല': സി.പി.എം!
text_fieldsതിരുവനന്തപുരം: ബഹുജനങ്ങളെ വിശ്വാസത്തിൽ എടുത്തുകൊണ്ടല്ലാതെ ഒരു പദ്ധതിയും വിജയകരമായി നടപ്പാക്കാനാകില്ലെന്ന് കെ- റെയിൽ പദ്ധതിക്കെതിരായ എതിർപ്പിൽ മുന്നറിയിപ്പ് നൽകി . സർക്കാർ ജീവനക്കാരെ വകുപ്പുതലത്തിൽ തുല്യജോലി ഭാരം നൽകി വിന്യസിക്കണമെന്നും നിർദേശിക്കുന്നു. കെ- റെയിൽ പദ്ധതിക്കെതിരായ രാഷ്ട്രീയ കുത്തിത്തിരിപ്പുകളെ നേരിടുന്നതിനൊപ്പം ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കുന്നതിന് ബഹുജന വിദ്യാഭ്യാസവും പ്രചാരണവും പാർട്ടി ഏറ്റെടുക്കണം. കെ- റെയിൽപോലുള്ള വൻകിട പ്രോജക്ടുകൾ നടപ്പാക്കി അനുഭവമില്ലാത്തത് കൊണ്ട് പലതരത്തിലുള്ള വിവാദങ്ങൾ ഉയർന്നുവരാമെന്നും 'നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്' പാർട്ടിയുടെ കടമകളിൽ ഒന്നായി രേഖയിൽ പറയുന്നു.
സിൽവർ ലൈൻ പദ്ധതി കേരള വികസനത്തിന് പ്രധാനമാണെന്ന് കണ്ട് നടപ്പാക്കാൻ കഴിയണം. ഇക്കാര്യത്തിൽ ജനങ്ങളുടെ തെറ്റിദ്ധാരണ ദൂരീകരിക്കാനും ജനങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാനാകണമെന്നും നിദേശിക്കുന്നു. പദ്ധതിക്കെതിരായ ബഹുജന പ്രതിഷേധങ്ങൾക്ക് രാഷ്ട്രീയച്ഛായ നൽകി സി.പി.എം തള്ളുമ്പോൾ തന്നെയാണ് രേഖ ഇത്തരത്തിൽ നിഷ്കർഷിക്കുന്നതും. നവകേരള സൃഷ്ടിക്ക് പശ്ചാത്തല സൗകര്യ വികസനം പ്രധാനമാണെന്നും സവിശേഷ ശ്രദ്ധയോടെ ഇടപെടണമെന്നും നിർദേശിക്കുന്നു. ശബരിമല വിമാനത്താവള പദ്ധതി സമയബന്ധിതമായി ആവിഷ്കരിക്കണം.
20 ലക്ഷം പേർക്ക് തൊഴിലെന്ന വാഗ്ദാനം നടപ്പാക്കാൻ പ്രത്യേക ഊന്നൽ വേണം. എൻ.ആർ.ഐ നിക്ഷേപം കേരള ബാങ്കിലേക്ക് സ്വീകരിക്കാനുള്ള അംഗീകാരം ആർ.ബി.ഐയിൽനിന്ന് ലഭിക്കാൻ ഇടപെടണം. സഹകരണ ആശുപത്രികൾക്ക് പ്രത്യേക നിയമത്തിന് സാധ്യത പരിശോധിക്കണം. തോട്ടഭൂമി തോട്ടമായിതന്നെ സംരക്ഷിക്കണം. പരമ്പരാഗത വിളക്ക് പുറമെ പഴവർഗ കൃഷിക്ക് അനുമതി നൽകുമെന്ന പ്രഖ്യാപനം അടിയന്തരമായി നടപ്പാക്കണം. സംസ്ഥാനത്തെ 40 ശതമാനം തദ്ദേശസ്ഥാപനങ്ങളും പ്രതിപക്ഷത്തിന്റെതാണ്. അതിനാൽ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ ഇവക്കുമേൽ സമ്മർദം ചെലുത്തണമെന്നും നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.