‘വിവരങ്ങൾ അറിയിക്കുന്നതിൽ വീഴ്ചയില്ല, ഒന്നും മറച്ചുവെക്കാനില്ല’; ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടിക്കത്ത്
text_fieldsതിരുവനന്തപുരം: വിവരങ്ങൾ അറിയിക്കുന്നതിൽ ബോധപൂർവമായ വീഴ്ചയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ മറുപടിക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കൊന്നും മറച്ചുവെക്കാനില്ലെന്നും ഗവർണറുടെ കത്തിൽ പ്രതിഷേധമറിയിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. ദേശവിരുദ്ധ പരാമർശങ്ങൾ താൻ നടത്തിയിട്ടില്ലെന്നും സ്വർണക്കടത്ത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണത്തിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ആവശ്യപ്പെട്ടിരുന്നു. ഇതിനു തയാറല്ലെന്ന് സർക്കാർ നിലപാട് സ്വീകരിച്ചതോടെയാണ് കഴിഞ്ഞ ദിവസം രൂക്ഷ വിമർശനമുന്നയിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാനുണ്ടെന്നും സാങ്കേതിക പ്രശ്നം പറഞ്ഞ് വിവരങ്ങൾ അറിയാക്കാതിരിക്കാൻ കഴിയില്ല എന്നുൾപ്പെടെ കത്തിൽ പരാമർശമുണ്ടായിരുന്നു. ഇതിൽ, അതേഭാഷയിൽ മുഖ്യമന്ത്രി ഇന്ന് മറുപടി നൽകുകയാണ് ചെയ്തത്. തനിക്കെതിരെ ഇത്തരം ആരോപണമുന്നയിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും കാര്യങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു.
സ്വർണക്കടത്തു തടയലുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രമാണെന്നും അതിനായി ഗവർണർ സമ്മർദം ചെലുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ദ ഹിന്ദു അഭിമുഖത്തിൽ തന്‍റെ പരാമർശമെന്ന പേരിൽ തെറ്റായാണ് അച്ചടിച്ചു വന്നത്. ഇക്കാര്യത്തിൽ ഹിന്ദു തന്നെ ഖേദപ്രകടനവുമായി രംഗത്തുവന്നിട്ടുണ്ട്. വാർത്ത സമ്മേളനത്തിലോ പൊതു സമ്മേളനത്തിലോ താൻ ദേശവിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി.
അതേസമയം മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നും ചോദിച്ചു. മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ ആരെയാണ് പിആർ വിവാദത്തിൽ വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല?
തനിക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തം. തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയും. തൻ്റെ കത്തിനു മറുപടി തരാൻ 20 ലേറെ ദിവസം മുഖ്യമന്ത്രി എടുത്തെന്നും അത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്നും ഗവർണർ വിമർശിച്ചു. രാജ്ഭവൻ ആസ്വദിക്കാൻ അല്ല താൻ ഇരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.