സ്വപ്‌നയുടെ ആരോപണത്തിൽ ഒന്നും പറയാനില്ലെന്ന് എം.വി ഗോവിന്ദൻ
text_fieldsകൊച്ചി: വിവാദമായ സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമിച്ചെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം സംബന്ധിച്ച് ഒന്നും പറയാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഇടനിലക്കാരൻ വഴി എം.വി ഗോവിന്ദൻ ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.
കണ്ണൂർ സ്വദേശിയായ വിജയ് പിള്ള ഒത്തുതീർപ്പിന് തന്നെ സമീപിച്ചതായി സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. 10 കോടി രൂപ തരാമെന്നാണ് ആദ്യം പറഞ്ഞത്. മക്കൾ ഉള്ളതുകൊണ്ടും മറ്റ് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാത്തത് കൊണ്ടും 30 കോടി രൂപ തരാമെന്ന് വാഗ്ദാനം ചെയ്തു. ജീവിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ചേർന്ന് സഹായിക്കുമെന്നും വിജയ് പിള്ള പറഞ്ഞതായി സ്വപ്ന വ്യക്തമാക്കി.
ബംഗളൂരുവിലെ ഹോട്ടലിൽ വെച്ചാണ് വിജയ് പിള്ളയുമായുള്ള കൂടിക്കാഴ്ച നടന്നത്. ഒരാഴ്ചത്തെ സമയം തരാമെന്നും മക്കളുമായി ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോകണമെന്നുമാണ് പറഞ്ഞത്. ഫ്ലാറ്റ് അടക്കം എല്ലാ സൗകര്യങ്ങളും അവിടെ ചെയ്ത് തരാമെന്ന് പറഞ്ഞതായും സ്വപ്ന വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ എന്നിവർക്കെതിരായ തെളിവുകൾ കൈമാറണം. ക്ലൗഡ് അടക്കമുള്ളവയിൽ സൂക്ഷിച്ചിട്ടുള്ള രേഖകൾ നശിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഒത്തുതീർപ്പിന് തയാറായില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പിണറായി വിജയനും ഭാര്യ കമലയും അടക്കമുള്ളവർക്കെതിരെ സംസാരിക്കുന്നത് നിർത്തണം. സ്വർണക്കടത്ത് കേസിൽ പുറത്തുവിട്ട കാര്യങ്ങൾ കള്ളം പറഞ്ഞതാണെന്ന് ഏറ്റുപറഞ്ഞ് ജനങ്ങളോട് ക്ഷമ ചോദിച്ച് ബംഗളൂരുവിൽ നിന്ന് സ്ഥലംവിടണം. ഇതിന് ശേഷം ഒരു മാസത്തിനുള്ളിൽ മലേഷ്യയിലേക്കോ യു.കെയിലേക്കോ പോകാനുള്ള പാസ്പോർട്ടും വിസയും തയാറാക്കി തരാം. സ്വപ്ന ജീവനോടെ ഉണ്ടെന്നോ എവിടെയാണെന്നോ കേരളത്തിലെ ജനങ്ങൾ അറിയാൻ പാടില്ലെന്നും വിജയ് പിള്ള പറഞ്ഞതായി സ്വപ്ന ആരോപിച്ചു.
തനിക്ക് ഒരു പിതാവേ ഉള്ളൂവെന്നും അവസാനം വരെ പോരാടാനാണ് ഇറങ്ങിയതെന്നും സ്വപ്ന വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളെ പറ്റിക്കാനില്ല. മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയ അജണ്ടകളോ വ്യക്തിപരമായ അജണ്ടകളോ തനിക്കില്ല. കേസിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് പിണറായി വിജയനെ അറിയിക്കുന്നു. കേരളത്തെയും ജനങ്ങളെയും വിറ്റുതുലച്ച് മകൾക്ക് വേണ്ടി സാമ്രാജ്യം പണിയാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ ജീവനുള്ള കാലത്തോളം തുറന്നു കാണിക്കും. ഭീഷണിയുമായോ ഒത്തുതീർപ്പുമായോ തന്നെ സമീപിക്കേണ്ടെന്നും സ്വപ്ന എഫ്.ബി ലൈവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.