കൊല്ലപ്പെട്ട ഔഫിന് സി.പി.എം അഭിവാദ്യം അർപ്പിച്ചത് സ്വാഭാവികം -കാന്തപുരത്തിന്‍റെ മകൻ
text_fieldsകോഴിക്കോട്: കൊല്ലപ്പെട്ട അബദുറഹ്മാന്‍ ഔഫിന് സി.പി.എം അഭിവാദ്യം അര്‍പ്പിച്ചത് സ്വാഭാവിക നടപടിയെന്ന് എസ്.വൈ.എസ് വൈസ് പ്രസിഡന്‍റും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ മകനുമായ എ.പി അബ്ദുല്‍ ഹകീം അസ്ഹരി. എസ്.വൈ.എസ് പ്രവര്‍ത്തകനാണെങ്കിലും പ്രാദേശിക സാഹചര്യം പരിഗണിച്ച് ഔഫ് തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാർട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിൽ എസ്.വൈ.എസിന് എതിർപ്പുമില്ല. അത്തരം സ്വാതന്ത്ര്യം പ്രവർത്തകർക്ക് നൽകിയിട്ടുമുണ്ട്.
മൃതദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ചതിലൂടെ പാര്‍ട്ടി അവരുടെതായ ബഹുമാനം നല്‍കുകയും, ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് ചെയ്തത്. ഈ സമയമെല്ലാം താനും അവിടെ സന്നിഹിതനായിരുന്നു. ശേഷം മതപരമായ മുഴുവന്‍ ആചാരങ്ങളും നിർവഹിച്ച ശേഷമാണ് ഔഫിനെ ഖബറടക്കിയതെന്നും അബ്ദുൽഹകീം അസ്ഹരി പറഞ്ഞു. ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അബ്ദുറഹ്മാൻ ഔഫ് ഡി.വൈ.എഫ്.ഐക്കാരനാണെന്ന അവകാശവാദത്തെ കഴിഞ്ഞ ദിവസം എസ്.വൈ.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവും എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദലി കിനാലൂർ ശക്തമായി വിമർശിച്ചിരുന്നു.
നൂറു ചുകപ്പൻ അഭിവാദ്യങ്ങൾക്ക് നടുവിൽ ചുവപ്പ് കൊടി നെഞ്ചിലേറ്റു വാങ്ങി കിടക്കേണ്ടവനായിരുന്നില്ല ഔഫെന്നും അവൻ സുന്നി പ്രവർത്തകൻ മാത്രമായിരുന്നെന്നുമാണ് മുഹമ്മദലി കിനാലൂർ ഫേസ്ബുക്കിൽ കുറിച്ചത്. അത്തരമൊരാളെ മരണാനന്തരം സി.പി.എം ആക്കിയ ബുദ്ധി ഏത് പാർട്ടി നേതാവിന്‍റേതാണ് എന്നറിയില്ലെന്നും മുഹമ്മദലി കിനാലൂർ എഴുതിയിരുന്നു. ഈ വാദത്തെയാണ് എസ്.വൈ.എസ് വൈസ് പ്രസിഡന്‍റും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ മകനുമായ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി തള്ളിക്കളഞ്ഞത്.
കേരളത്തിൽ ഇനിയും കഠാര രാഷ്ട്രീയം അരുതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങൾ നിർത്തേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. ക്രിമിനലുകളായ പ്രവർത്തകർ പാർട്ടികളിൽ വളർന്നു വരുകയും നിഷ്കളങ്കരായ യുവാക്കളെ കൊലപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം അക്രമികളെ പിന്തുണക്കുന്നത് വഴി പാർട്ടികൾ ക്രൂരകൃത്യത്തെ പിന്തുണക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.