പ്രധാന കവാടം പൊളിക്കണം; ലോ അക്കാദമിക്ക് നോട്ടീസ്
text_fieldsതിരുവനന്തപുരം: ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചുനീക്കാന്‍ റവന്യൂവകുപ്പ് നോട്ടീസ് നല്‍കി. അക്കാദമിയിലെ കെട്ടിടങ്ങളില്‍ ബാങ്കും ഹോട്ടലും പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കലക്ടര്‍ വെങ്കിടേസപതിയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം തഹസില്‍ദാര്‍ മണികണ്ഠനാണ് അക്കാദമിക്ക് നോട്ടീസ് നല്‍കിയത്. നിശ്ചിത സമയപരിധിക്കുള്ളില്‍ കവാടം പൊളിച്ചുനീക്കണം. ഇല്ളെങ്കില്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ പൊളിക്കുമെന്നും ഇതിന്‍െറ ചെലവ് അക്കാദമി അധികൃതരില്‍നിന്ന് ഈടാക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കും കാന്‍റീനും പ്രവര്‍ത്തിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തഹസില്‍ദാറുടെ നേതൃത്വത്തില്‍ തയാറാക്കും. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് കലക്ടര്‍ അത് റവന്യൂവകുപ്പിന് കൈമാറും.
ജല അതോറിറ്റിയുടെ ഭൂമിയിലേക്കുള്ള വഴിയും ബേസിക് ടാക്സ് റജിസ്റ്റര്‍ (ബി.ടി.ആര്‍) പ്രകാരം പൈപ്പ്ലൈന്‍ കടന്നുപോകുന്ന വഴിയിലുമാണ് പ്രധാന കവാടവും റോഡും പണിതിരിക്കുന്നതെന്നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇത് പൊതുവഴികൂടിയാണ്. ഇത് ഒരു ഘട്ടത്തിലും അക്കാദമിക്ക് പതിച്ചു നല്‍കിയിട്ടില്ല. എങ്കിലും ഇവര്‍ സ്വകാര്യവഴിയായും ഗേറ്റായുമാണ് ഉപയോഗിക്കുന്നത്. പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്നതില്‍ നിയമപ്രശ്നങ്ങള്‍ ഉണ്ടാകില്ളെന്ന് ഉറപ്പുള്ളതിനാലാണ് കവാടം പൊളിക്കാന്‍ നോട്ടീസ് നല്‍കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതേ നടപടി കാന്‍റീന്‍, ബാങ്ക് കെട്ടിടങ്ങള്‍ക്കെതിരെയും തുടര്‍ന്നാല്‍ പക്ഷേ അത് നിയമപ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കാം. പുറമ്പോക്കില്‍ ഇത്തരം നിര്‍മാണം നടത്തിയാല്‍ അത് ഒഴിപ്പിച്ച് ഭൂമി ഏറ്റെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. അക്കാദമി ഭൂമിയിലെ സഹകരണ ബാങ്ക്, ഹോട്ടല്‍ എന്നിവ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നാണ് മാനേജ്മെന്‍റ് അവകാശപ്പെടുന്നത്. അതിനാല്‍ അവരുടെ വിശദീകരണം അടിസ്ഥാനമാക്കിയാവും തുടര്‍നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.